കെഎസ്ആർടിസി ടൂറിസം സർവീസുകൾ ആരംഭിച്ചു
1453916
Tuesday, September 17, 2024 11:28 PM IST
കുമളി: കെഎസ്ആർടിസി യുടെ ബജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി കുമളി ഡിപ്പോയിൽ നിന്നും സർവീസുകൾ ആരംഭിച്ചു. ആദ്യഘട്ടമെന്ന നിലയിൽ പരുന്തുംപാറ - വാഗമണ്‍ ട്രിപ്പിന് തുടക്കമിട്ടു. 21ന് ആലപ്പുഴ, 28ന് കൊച്ചി കപ്പൽ യാത്ര തുടങ്ങും.
ഗെവി ട്രിപ്പിനുള്ള ചർച്ചകൾ നടക്കുകയാണെന്ന് ബജറ്റ് ടൂറിസം കുമളി ഡിപ്പോ കോഓർഡിനേറ്റർ ദീപു രാമചന്ദ്രൻ അറിയിച്ചു. ആലപ്പുഴ ട്രിപ്പിന് ഒരാൾക്ക് 1350 രൂപയാണ് ചാർജ്. ഹൗസ് ബോട്ട് യാത്രയും ബീച്ച് സന്ദർശനവും ഇതിൽ ഉൾപ്പെടും.
ആഡംബര കപ്പൽ യാത്ര ഉച്ചകഴിഞ്ഞ് രണ്ടരയോടെ ആരംഭിച്ച് സൂര്യാസ്തമനം കണ്ട ശേഷമാണ് മടക്കം. ഭക്ഷണവും പാക്കേജിൽ ഉൾപപ്പെടുത്തിയിട്ടുണ്ട്. ഒരാൾക്ക് ആളൊന്നിന് 3870 രൂപയും അഞ്ച് വയസ് മുതൽ 10 വയസ് വരെയുള്ള കുട്ടികൾക്ക് 1600 രൂപയുമാണ് ചാർജ്.
പത്തനംതിട്ടയിൽനിന്നു നിലവിൽ ഗെവിക്ക് ആളൊന്നിന് 2400 രൂപയാണ് ചാർജ്. ഈ തുക കുമളിയിൽ നിന്ന് അധികമായതിനാൽ ചർച്ചകൾ നടന്നു വരികയാണ്. തേക്കടിയിലേക്ക് പാക്കേജ് ട്രിപ്പുകൾ ആരംഭിക്കാനും നീക്കമുണ്ട്. വനം വകുപ്പിന്റെ എൻട്രൻസ് ബോട്ട് ഫീസുകൾ സംസന്ധിച്ചുള്ള പ്രശ്നമാണ് തേക്കടി ട്രിപ്പുകൾക്ക് തടസം.
കുമളിക്ക് സമീപം ആനവച്ചാലിൽ നിന്നു ബോട്ട്ലാൻഡിംഗിലേക്ക് സഞ്ചാരികളെ എത്തിക്കുന്ന വനം വകുപ്പിന്റെ വാഹനങ്ങൾ തകരാറിലായതോടെ താത്ക്കാലികമായി കഐസ് ആർടിസി ബസുകൾ തേക്കടിയിലേക്ക് ട്രിപ്പുകൾ നടത്തുന്നുണ്ട്.