സുപ്രീംകോടതി അനുവദിച്ച നടപടിക്രമങ്ങൾ പാലിക്കപ്പെടാത്തത് സർക്കാരിന്റെ അലംഭാവംമൂലം: ഡീൻ കുര്യാക്കോസ് എംപി
1453680
Tuesday, September 17, 2024 12:08 AM IST
വണ്ടിപ്പെരിയാർ: മുല്ലപ്പെരിയാർ പ്രശ്നത്തിൽ സുപ്രീംകോടതി അനുവദിച്ചിട്ടുള്ള നടപടിക്രമങ്ങൾ പാലിക്കപ്പെടാതെ പോയത് സർക്കാരിന്റെ അലംഭാവം മൂലമാണെന്ന് ഡീൻ കുര്യാക്കോസ് എംപി ആരോപിച്ചു. മുല്ലപ്പെരിയാർ ഡാം ഡീ കമ്മീഷൻ ചെയ്യണമെന്നും കേരളത്തിനു സുരക്ഷയും തമിഴ്നാടിന് ജലവും ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് തിരുവോണനാളിൽ വണ്ടിപ്പെരിയാറിൽ നടത്തിയ ഏകദിന ഉപവാസസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു എംപി.
മുല്ലപ്പെരിയാർ വിഷയം കോടതിക്കു പുറത്ത് രമ്യമായി പരിഹരിക്കാൻ സുപ്രീംകോടതി നിർദേശിച്ചിട്ടും അതിനുപോലും സമയം കണ്ടെത്താൻ കേരള സർക്കാരിനു കഴിയാതെ പോയത് കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും എംപി പറഞ്ഞു. കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഉപവാസസമരം സംഘടിപ്പിച്ചത്. ഡിസിസി പ്രസിഡന്റ് സി.പി. മാത്യു അധ്യക്ഷത വഹിച്ചു.
എഐസിസി അംഗം അഡ്വ. ഇ.എം. ആഗസ്തി, അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ, തോമസ് രാജൻ, ഷീജാ ജയൻ, അഡ്വ. സേനാപതി വേണു, എ.പി. ഉസ്മാൻ, എം.കെ. പുരുഷോത്തമൻ. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് സണ്ണി പയ്യന്പള്ളിൽ, മൗലവി നവാസ് ഹസ്ക്കരി, ഷാജി പൈനാടത്ത്, എം.ഡി. അർജുനൻ, റോബിൻ കാരയ്ക്കാട്ട്, ജോർജ് കൂറുംപുറം , ബിജോ മാണി, പി.ആർ. അയ്യപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു.