ചക്കക്കൊമ്പൻ വീട് തകർത്തു
1453092
Friday, September 13, 2024 11:50 PM IST
പൂപ്പാറ: ചിന്നക്കനാലിൽ വീടിനുനേരേ വീണ്ടും ചക്കക്കൊമ്പന്റെ ആക്രമണം.ചിന്നക്കനാൽ 301 കോളനിയിൽ രാജേശ്വരി അയ്യപ്പന്റെ വീടിനു നേരെയാണ് കഴിഞ്ഞ രാത്രി ചക്കക്കൊമ്പന്റെ ആക്രമണമുണ്ടായത്.
രാജേശ്വരിയും കുടുംബവും ബന്ധുവീട്ടിലായിരുന്നു. ഇന്നലെ രാവിലെ നാട്ടുകാരാണ് രാജേശ്വരിയുടെ വീടിനോടു ചേർന്നുള്ള ചായ്പ്പ് തകർന്നുകിടക്കുന്നത് കണ്ടത്. ചായ്പ്പിലുണ്ടായിരുന്ന വീട്ടുപകരണങ്ങളും പാത്രങ്ങളും കാട്ടാന തകർത്തു.
വീടിന്റെ വാതിലും നശിപ്പിച്ചിട്ടുണ്ട്. രാവിലെ മുതൽ ഈ ഭാഗത്ത് ചക്കക്കൊമ്പൻ തമ്പടിച്ചിട്ടുണ്ടായിരുന്നു. ആർആർടി സംഘം എത്തിയാണ് ആനയെ ആനയിറങ്കൽ ഡാമിന്റെ ഭാഗത്തേക്ക് തുരത്തിയത്.