നിയമം കാറ്റിൽപറത്തി ടിപ്പർ ലോറികൾ ചീറിപ്പായുന്നു
1452827
Thursday, September 12, 2024 11:26 PM IST
തൊടുപുഴ: റോഡിൽ മനുഷ്യ ജീവനും വാഹനങ്ങൾക്കും ഭീഷണിയുയർത്തി ടോറസ്, ടിപ്പർ ലോറികൾ അമിതവേഗത്തിൽ ചീറിപ്പായുന്നു. സുരക്ഷിതമല്ലാത്ത വിധം കരിങ്കല്ലും മെറ്റലും മണ്ണും കൊണ്ടുപോകുന്ന ടിപ്പർ, ടോറസ് ലോറികൾക്കെതിരെയുള്ള പരിശോധനകളും നടപടികളും പലപ്പോഴും വഴിപാടായി മാറുകയാണെന്നാണ് പരാതി.
തിരക്കേറിയ റോഡുകളിൽ പോലും യാതൊരു കരുതലും കൂടാതെയാണ് ടിപ്പർ ഡ്രൈവർമാർ പായുന്നത്. ടിപ്പർ, ടോറസ് ലോറികളിൽ ലോഡ് കയറ്റിപ്പോകുന്നതിന് നിഷ്കർഷിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തിയാണ് ഇവയുടെ സഞ്ചാരം.
ശരിയായ രീതിയിൽ മൂടാതെയും വലിയ പാറക്കഷണങ്ങൾ ഏതുനിമിഷവും പുറത്തേക്കു തെറിച്ചുവീഴത്തക്ക നിലയിലുമാണ് പല ടിപ്പറുകളും പായുന്നത്. മണലും മെറ്റലുമായി പോകുന്ന ലോറികളുടെ മുകൾ ഭാഗം പിന്നാലെ വരുന്ന വാഹനയാത്രക്കാർക്കും കാൽനട യാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാകാതെ പൂർണമായി മൂടണമെന്നാണു നിയമം. എന്നാൽ ഇതു കൃത്യമായി പാലിക്കാറില്ല.
പലപ്പോഴും പിന്നാലെ വരുന്ന ഇരുചക്രവാഹന യാത്രക്കാരുടെ ദേഹത്തേക്ക് മെറ്റലും പൊടിയുമൊക്കെ വീഴുന്ന സ്ഥിതിയാണ്. അമിത വേഗത്തിൽ വളവുകൾ തിരിയുന്പോൾ ലോറിയിൽനിന്നു മെറ്റലും പാറക്കല്ലുകളും റോഡിലേക്കു വീഴുന്നതും അപകടഭീഷണി ഉയർത്തുന്നുണ്ട്.
സ്കൂൾ കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് ഭീഷണിയായി നിരോധിത സമയത്തും ടിപ്പറുകൾ ചീറിപ്പായുകയാണ്. രാവിലെ 8.30 മുതൽ പത്തുവരെയും വൈകുന്നേരം നാലു മുതൽ അഞ്ചുവരെയും ടിപ്പർ, ടോറസ് ലോറികൾ തിരക്കേറിയ റോഡുകളിൽ ഓടുന്നതിനു ജില്ലയിൽ നിരോധനമുണ്ട്. എന്നാൽ ചിലയിടങ്ങളിൽ ഇതു ലംഘിച്ചാണ് ടിപ്പറുകളുടെ സഞ്ചാരം. സ്കൂൾ ബസുകൾക്ക് മുന്നിലായും പിന്നിലായും പായുന്ന ടിപ്പറുകൾ വലിയ ഭീഷണിയാണ്.
പലപ്പോഴും പോലീസ്, റവന്യു വകുപ്പുകൾ ഇത്തരം അമിതലോഡ് കയറ്റുന്ന വാഹനങ്ങൾ പിടികൂടാറുണ്ടെങ്കിലും പിന്നെയും നിയമലംഘനങ്ങൾ ആവർത്തിക്കപ്പെടുകയാണ്. പലപ്പോഴും വാഹനങ്ങൾ പരിശോധിക്കാനോ നടപടി എടുക്കാനോ അധികൃതർ തയാറാകുന്നില്ലെന്നും പരാതിയുണ്ട്.
തൊടുപുഴ-വെള്ളിയാമറ്റം റൂട്ടിൽ പാറമടകളിൽനിന്നും മറ്റും ലോഡുമായി പോകുന്ന പല ടിപ്പറുകളും അമിത വേഗത്തിലാണു പായുന്നത്.
ഇവിടെ പരിശോധനയ്ക്കും ആരും എത്തുന്നില്ല. സ്കൂൾ സമയത്തെ അപകടകരമായ രീതിയിലുള്ള ഇവയുടെ സഞ്ചാരം അവസാനിപ്പിക്കാൻ പഞ്ചായത്ത് അധികൃതർ നടപടിയെടുക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.