പൂക്കുളം ഗവ. എൽപി സ്കൂൾ കെട്ടിടനിർമാണത്തിൽ അനശ്ചിതത്വം
1452281
Tuesday, September 10, 2024 10:46 PM IST
ഉപ്പുതറ: പൂക്കുളം ഗവ. സ്കൂളിന് പുതിയ കെട്ടിടം പണിയാൻ വാഴൂർ സോമൻ എംഎൽഎ അനുവദിച്ച 50 ലക്ഷം രൂപ പ്രയോജനപ്പെടുത്തുന്നതിൽ അനശ്ചിതത്വം. കെട്ടിടം നിർമിക്കുന്നതിനു മണ്ണുപരിശോധന ഉൾപ്പെടെയുള്ള പ്രാഥമിക നടപടികൾക്ക് ആര് ഫണ്ട് ചെലവഴിക്കും എന്നതാണ് പ്രശ്നം. അയ്യപ്പൻകോവിൽ പഞ്ചായത്തിന്റെ ഉടമസ്ഥതയിലാണ് സ്കൂൾ. എന്നാൽ, നിർമാണച്ചുമതല കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിനാണ്.
പഞ്ചായത്തിന് തനതു ഫണ്ടില്ലാത്തതും പ്രശ്നമാണ്. കാലപ്പഴക്കം ചെന്ന കെട്ടിടം ഏതു നിമിഷവും തകർന്നു വീഴാവുന്ന സ്ഥിതിയിലാണ്.
ഫിറ്റ്നസ് നഷ്ടപ്പെടുമെന്ന ഘട്ടത്തിൽ അധ്യാപർ സ്വന്തം ചെലവിൽ കെട്ടിടം ബലവത്താക്കിയാണ് ഈ വർഷം പ്രവർത്തനം തുടർന്നത്. വിവരം ശ്രദ്ധയിൽപ്പെട്ടതോടെയാണ്എംഎൽഎ 50 ലക്ഷം രൂപ അനുവദിച്ചത്.
സ്കൂളിലേക്കുള്ള റോഡിന് ആറു ലക്ഷം രൂപയും എംഎൽഎ അനുവദിച്ചു. ഇതു സംബന്ധിച്ച രേഖകൾ കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിൽ എത്തിയിട്ടുണ്ട്. ഏലം, തേയിലത്തോട്ടങ്ങളിലെ തൊഴിലാളികളുടെ മക്കളാണ് തമിഴ് മീഡിയത്തിൽ പഠിക്കുന്നത്. മലയാളം മീഡിയത്തിൽ പഠിക്കുന്ന കുട്ടികളും പ്രദേശത്തെ പാവപ്പെട്ടവരുടെ മക്കളാണ്. ഫണ്ട് ലഭിച്ചിട്ടും പ്രാഥമിക പ്രവർത്തനങ്ങൾ നടത്തുന്നതിലെ തർക്കംമൂലം വിദ്യാലയം ഇല്ലാതാകുമോ എന്ന ആശങ്കയിലാണ് നാട്ടുകാരും രക്ഷാകർത്താക്കളും.
പ്രാഥമിക ചെലവിനുള്ള ഫണ്ട് അനുവദിക്കാൻ കഴിയുമോ എന്ന് 12ന് ചേരുന്ന പഞ്ചായത്തു കമ്മറ്റിയിൽ ചർച്ച ചെയ്യുമെന്നും ബ്ലോക്ക് പഞ്ചായത്തുമായി കൂടിയാലോചിച്ച് തുടർ നടപടി വേഗത്തിലാക്കുമെന്നും പ്രസിഡന്റ് ജയ്മോൾ ജോൺസൻ അറിയിച്ചു.