വിപണിയിൽ പായസത്തിനും ഉപ്പേരിക്കും വൻ ഡിമാന്ഡ്
1452276
Tuesday, September 10, 2024 10:46 PM IST
തൊടുപുഴ: ഓണത്തോടനുബന്ധിച്ച് വിവിധ രുചി വൈവിധ്യത്തിലുള്ള പായസത്തിനും ഉപ്പേരിക്കും വിപണിയിൽ തകർപ്പൻ വിൽപ്പന. തിരുവോണത്തിന് നാലു ദിവസം കൂടിയുണ്ടെങ്കിലും പായസം സ്റ്റാളുകളും ഉപ്പേരി വിൽപ്പന കേന്ദ്രങ്ങളിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്.
ഹോട്ടലുകളിലും ബേക്കറികളിലും ഇവയുടെ വിൽപ്പന തകൃതിയാണ്. ഇതിനു പുറമേ ഓണത്തോടനുബന്ധിച്ച് തയാറാക്കിയിരിക്കുന്ന പ്രത്യേക സ്റ്റാളുകളിലും വിവിധ തരത്തിലുള്ള പായസം സ്ഥാനം പിടിച്ചു കഴിഞ്ഞു.
അടപ്രഥമൻ, പാലട, പരിപ്പ്, ഗോതന്പ് പായസമാണ് ഓണസദ്യയോടനുബന്ധിച്ച് തയാറാക്കുന്ന പായസങ്ങൾ. ഓണ സദ്യയിൽ കറികൾ അൽപ്പം കുറച്ചാലും പായസം മലയാളിക്ക് നിർബന്ധമാണ്. ഓണത്തിനു മാത്രമല്ല, വിവാഹത്തിനും മറ്റ് വിശേഷങ്ങൾക്കും സദ്യയുടെ അവസാനം ഇലയിൽ ഒഴിച്ച പായസം കൂടി കഴിച്ചെങ്കിൽ മാത്രമേ തൃപ്തിയാകു.
ജില്ലയിൽ പലയിടത്തും പായസ മേളകളാണ് ഒരുക്കിയിരിക്കുന്നത്. അത്തം പിറന്നതു മുതൽ ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിൽ ഓണം സ്പെഷൽ പായസ വിപണികൾ സജീവമായിക്കഴിഞ്ഞു. റെഡിമെയ്ഡ് പായസം, പായസം മേളകൾ എന്നുള്ള ബോർഡുകളും കടകളുടെ മുന്നിൽ നിരന്നിട്ടുണ്ട്.
കഴിഞ്ഞ ഓണം വിപണിയേക്കാൾ ഉഷാറാക്കാനുള്ള തയാറെടുപ്പിലാണ് വ്യാപാരികളും. ചില കേറ്ററിംഗ് യൂണിറ്റുകൾ തയാറാക്കുന്ന പായസവും വിൽപ്പനയ്ക്കുണ്ട്.
അടപ്രഥമൻ, പാലട എന്നിവയ്ക്ക് ലിറ്ററിനു ശരാശരി 220 മുതൽ 260 രൂപ വരെയാണ് വില. ഗോതന്പ്, പരിപ്പ് പായസത്തിനു ലിറ്ററിനു 200 മുതൽ 250 രൂപ വരെയും നൽകണം. അര ലിറ്റർ ടിന്നുകളിലും പായസം ലഭ്യമാണ്. ഉത്രാടം, തിരുവോണം ദിനങ്ങളെത്തുന്നതോടെ പായസ മേളകൾ ഇനിയും സജീവമാകും. ഓണദിവസങ്ങളിലേക്കുള്ള പായസങ്ങളുടെ മുൻകൂർ ബുക്കിംഗും ആരംഭിച്ചിട്ടുണ്ട്. കൂടാതെ വിപണിയിൽ ഇൻസ്റ്റന്റ് പാലട പായസം മിക്സും ലഭ്യമാണ്.
ഓണമെന്നാൽ ഉപ്പേരിക്കാലവും കൂടിയാണ്. വെളിച്ചെണ്ണയിൽ വറുത്തുകോരുന്ന ഉപ്പേരിക്ക് ഓണസദ്യയിൽ പ്രഥമസ്ഥാനം തന്നെയാണ്. വീടുകളിൽ ഉപ്പേരി തയാറാക്കി വയ്ക്കുന്നത് ഓണാഘോഷത്തിന്റെ ആദ്യ ചടങ്ങുകളിലൊന്നാണ്.
എന്നാൽ ഇപ്പോൾ വീടുകളിൽ ഉപ്പേരി വറുക്കുന്നത് കുറഞ്ഞതോടെ പായ്ക്കറ്റ് ഉപ്പേരിക്ക് ഡിമാൻഡേറി. ബേക്കറികളിലും ചിപ്സ് കടകളിലും മറ്റും ഉപ്പേരി കൂടുതലായി ഇടംപിടിച്ചു കഴിഞ്ഞു. വെളിച്ചെണ്ണയിൽ തയാറാക്കുന്ന ഏത്തയ്ക്ക ഉപ്പേരിക്ക് കിലോയ്ക്ക് 400 മുതൽ 420 രൂ പ വരെയാണ് വില.
200 ഗ്രാം പായ്ക്കറ്റിന് 90 രൂപ വരെയാണ് വില. വെളിച്ചെണ്ണയ്ക്കു പകരം മറ്റ് എണ്ണകൾ ഉപയോഗിക്കുന്പോൾ വില കുറയും, രുചിയും. ഓണക്കാലം ലക്ഷ്യമിട്ട് ജില്ലയിലെ വിപണികളിലേക്കു വൻതോതിൽ വാഴക്കുലകൾ എത്തുന്നുണ്ട്. ഏത്തക്കായയ്ക്കു കിലോയ്ക്ക് 36 - 40 രൂപയാണ് മൊത്തവില. നേന്ത്രക്കായ വില കുറഞ്ഞെങ്കിലും ഉപ്പേരി വില കുറഞ്ഞിട്ടില്ല. നേന്ത്രക്കായ ശർക്കരവരട്ടിക്കും ആവശ്യക്കാരേറെയാണ്. കിലോയ്ക്ക് 380 മുതൽ 400 രൂപ വരെയാണ് വില.