അനൂപ് ഗാർഗ് പുതിയ സബ് കളക്ടർ
1450888
Thursday, September 5, 2024 11:40 PM IST
ഇടുക്കി: ഇടുക്കി സബ് കളക്ടറായി അനൂപ് ഗാർഗ് ചുമതലയേറ്റു. സബ് കളക്ടർ ഡോ. അരുണ്‍ എസ്. നായർ തിരുവനന്തപുരത്ത് എൻട്രൻസ് കമ്മീഷണറായി സ്ഥലം മാറിപ്പോകുന്ന ഒഴിവിലാണ് പുതിയ നിയമനം.
2022 ഒക്ടോബറിലാണ് അരുണ്‍ എസ്. നായർ ഐഎഎസ് പരിശീലനത്തിനു ശേഷം ആദ്യ നിയമനം ലഭിച്ച് ഇടുക്കിയിൽ ചുമതലയേൽക്കുന്നത്. ജില്ലയെ തന്റെ രണ്ടാമത്തെ വീടായി കാണാനാണ് ആഗ്രഹമെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലയിൽ ഭൂമി സംബന്ധമായ വിഷയങ്ങളിലാണ് ഏറ്റവും കൂടുതൽ പ്രവർത്തനങ്ങൾ നടത്താനായത്. ഭൂമി കൈയേറ്റം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സ്പെഷൽ ടാസ്ക് ഫോഴ്സിന്റെ ഭാഗമായി പ്രവർത്തിച്ചു.
വനാവകാശം, പട്ടയവിതരണം, വനം സെറ്റിൽമെന്റ് തുടങ്ങിയ കാര്യങ്ങളിൽ സാധാരണ ജനങ്ങൾക്കായി പ്രവർത്തിക്കാനായെന്നും ടൂറിസം മേഖലയിൽ ഡിടിപിസി മുഖേന ശ്രദ്ധേയമായ പദ്ധതികൾ നടപ്പാക്കാൻ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
പുതിയ ഇടുക്കി സബ് കളക്ടറായി സ്ഥാനമേൽക്കുന്ന അനൂപ് ഗാർഗിനെ ജില്ലാ കളക്ടർ വി. വിഗ്നേശ്വരി സ്വീകരിച്ചു.
ഡോ. അരുണ്‍ എസ്. നായർ, എഡിഎം ഷൈജു പി. ജേക്കബ് എന്നിവർ പങ്കെടുത്തു. 2022 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് ഒഡീഷ സ്വദേശിയായ അനൂപ് ഗാർഗ്.