കുടിയേറ്റ ജനതയ്ക്കായി ജീവിച്ച മണിയങ്ങാട്ട് പാപ്പച്ചൻ ഇനി ഓർമ
1430549
Friday, June 21, 2024 3:30 AM IST
കട്ടപ്പന: ഹൈറേഞ്ചിന്റെ കുടിയേറ്റ നാളുകളിൽ ജനവാസ സൗകര്യങ്ങൾക്കായി അടരാടിയ മണിയങ്ങാടൻ പാപ്പച്ചനെന്ന ലൂക്കോസ് മണിയങ്ങാട്ട് (91) ഇനി ഓർമ. പ്രഥമ കട്ടപ്പന പഞ്ചായത്തിന്റെ ഭരണസാരഥികളിലെ അവസാന കണ്ണിയാണ് ഇന്നലെ വിടപറഞ്ഞത്.
സ്കൂൾ പഠനകാലത്തുതന്നെ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തിട്ടുള്ള ഇദ്ദേഹം ഹൈറേഞ്ചിൽ ഇടുക്കി പദ്ധതിക്കുവേണ്ടി ജനങ്ങളെ കുടിയിറക്കിയപ്പോൾ അവരുടെ പുനരധിവാസത്തിനായും നഷ്ടപരിഹാരത്തിനായും പിതൃ സഹോദരനായ മാത്യു മണിയങ്ങാടൻ എംപി യോടൊപ്പം സ്ഥലങ്ങൾ സന്ദർശിക്കുകയും കർഷകരുടെ ക്ഷേമത്തിനായി സമരമുഖത്ത് സജീവമാകുകയും ചെയ്തിരുന്നു.
ആരോഗ്യരംഗം പിന്നാക്കാവസ്ഥയിലായിരുന്ന കട്ടപ്പനയിൽ സർക്കാർ ആശുപത്രി ആരംഭിക്കാൻ ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തിയ ശ്രമങ്ങൾ ശ്രദ്ധേയമാണ്. ആശുപത്രിക്ക് സർക്കാർ അനുമതി നൽകിയപ്പോൾ ആശുപത്രി നിർമാണ കമ്മിറ്റിയുടെ കണ്വീനറായി പ്രവർത്തിച്ചു.
വള്ളക്കടവ് സെന്റ് ആന്റണീസ് പള്ളിക്കുവേണ്ടിയും സെന്റ് ആന്റണീസ് യുപി സ്കൂളിനു വേണ്ടിയും സ്ഥലങ്ങൾ വിട്ടു നൽകി സ്ഥാപനങ്ങൾ കെട്ടിപ്പടുക്കുന്നതിന് നേതൃത്വം നൽകി. നരിയന്പാറ മന്നം മെമ്മോറിയൽ സ്കൂളിൽ ദീർഘകാലം പിടിഎ പ്രസിഡന്റുമായിരുന്നു. വള്ളക്കടവു മേഖലയിൽ വൈദ്യുതി എത്തുന്നതിനും ഇദ്ദേഹത്തിന്റെ കഠിനാധ്വനമുണ്ടായിരുന്നു.
16 വർഷം കട്ടപ്പന പഞ്ചായത്തു ഭരണ സമിതിയിൽ അംഗമായിരുന്ന ഇദ്ദേഹം മികച്ച കർഷകനുമായിരുന്നു. കർഷകന്റെ കൈവശ ഭൂമിയിൽനിന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ മരങ്ങൾ വെട്ടിക്കൊണ്ടു പോകുന്നതിനെതിരേ നിയമ യുദ്ധം നടത്തി കർഷകർക്ക് അനുകൂലമായ കോടതിവിധി സന്പാദിച്ചതും ഇദ്ദേഹത്തിന്റെ സാമൂഹ്യ- കർഷക പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്നതാണ്.
മൃതദേഹം ഇന്ന് വീട്ടിൽ എത്തിക്കും. നാളെ രാവിലെ 10.45ന് വള്ളക്കടവ് സെന്റ് ആന്റണീസ് പള്ളിയിൽ സംസ്കരിക്കും.