വീട് നിർമാണാനുമതി: ഊരുകൂട്ടത്തിനും പഞ്ചായത്തിനും വിട്ട് എഫ്ആർസി കമ്മിറ്റി
1425262
Monday, May 27, 2024 2:12 AM IST
ഉപ്പുതറ: ആദിവാസി കുടുംബത്തിന് വീടുവയ്ക്കാൻ വനംവകുപ്പ് അനുവദിക്കുന്നില്ലന്ന പരാതി ഊരുക്കൂട്ടവും പഞ്ചായത്തും ചേർന്ന് പരിഹരിക്കണമെന്ന് ഫോറസ്റ്റ് റൈറ്റ്സ് കമ്മിറ്റി ( എഫ്ആർസി). പഞ്ചായത്ത് ജനപ്രതിനിധികൾ, വനംവകുപ്പ് ഉദ്യോഗസ്ഥർ, ഊരു മൂപ്പൻമാർ എന്നിവർ പങ്കെടുത്ത എഫ്ആർസി യോഗത്തിന്റെതാണ് തീരുമാനം.
ലൈഫ് ഭവന പദ്ധതിയിൽ മുല്ല ആദിവാസി കുടിയിലെ വലിയമൂഴിക്കൽ രാജപ്പനു വീടു പണിയാൻ അനുമതി നൽകിയില്ലെന്നായിരുന്നു പരാതി. പ്രശ്നത്തിൽ രണ്ടു പ്രാവശ്യം രാജപ്പനും, ഭാര്യ ലൈലാമ്മയും കിഴുകാനം ഫോറസ്റ്റ് ഓഫീസിനു മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചിരുന്നു. എഫ്ആർസിയിൽ പരിഹാരം ഉണ്ടാക്കാമെന്ന ഉറപ്പിലാണ് അന്ന് സമരം അവസാനിച്ചത്.
ഉപ്പുതറ പഞ്ചായത്ത് പ്രസിഡന്റ് ജയിംസ് കെ. ജേക്കബ്, ഇടുക്കി വൈൽഡ് ലൈഫ് വാർഡൻ ബി. ജയചന്ദ്രൻ, റേഞ്ച് ഓഫീസർ ബി. പ്രസാദ് കുമാർ, പഞ്ചായത്തംഗം പി.ആർ. രശ്മി,അസി. സെക്രട്ടറി പി.വി. തോമസ്, ഊരു മൂപ്പൻമാർ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.