കോതമംഗലം രൂപത പടുത്തുയർത്തിയത് ഐക്യത്തിന്റെ മൂലക്കല്ലിൽ: മാർ റാഫേൽ തട്ടിൽ
1418180
Monday, April 22, 2024 11:36 PM IST
കോതമംഗലം: ഐക്യത്തിന്റെ മൂലക്കല്ലിലാണ് കോതമംഗലം രൂപത പടുത്തുയർത്തിയിട്ടുള്ളതെന്ന് സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ. കോതമംഗലം രൂപതയിലെ പ്രഥമ ഔദ്യോഗിക സന്ദർശനത്തോടനുബന്ധിച്ച് സെന്റ് ജോർജ് കത്തീഡ്രലിൽ വിശുദ്ധകുർബാന മധ്യേ സന്ദേശം നൽകുകയായിരുന്നു മാർ തട്ടിൽ.
വിശ്വാസത്തോട് എക്കാലത്തും വിശ്വസ്തത പുലർത്തിയ ദൈവജനമാണ് കോതമംഗലം രൂപതയുടെ ആസ്തി. ഏതൊക്കെ വിധത്തിൽ സഭയെ സഹായിക്കാൻ പറ്റിയിട്ടുണ്ടോ അതെല്ലാം രൂപത പിന്തുടർന്നുവരുന്നുണ്ട്. മനുഷ്യന്റെ വേദനകൾ, സങ്കടങ്ങൾ എന്നിവയിലെല്ലാം കരം ചേർത്തു പിടിച്ച നല്ല സമരിയാക്കാരന്റെ മാതൃക നൽകിയ രൂപതയാണ് കോതമംഗലം. രൂപതയുടെ വളർച്ചയ്ക്കു പിന്നിൽ പിതാക്കൻമാരുടെയും വൈദികരുടെയും സന്യസ്തരുടെയും അല്മായരുടെയും കഷ്ടപ്പാടും ഐക്യവുമാണ്. സ്ഥാപക പിതാവ് മാർ മാത്യു പോത്തനാംമുഴി, രൂപതയെ വളർച്ചയിലേക്കു നയിച്ച മാർ ജോർജ് പുന്നക്കോട്ടിൽ, മാർ ജോർജ് മഠത്തിക്കണ്ടത്തിൽ എന്നിവരോടും രൂപതാ കുടുംബത്തോടുമുള്ള നന്ദിയും സ്നേഹവും മാർ തട്ടിൽ അറിയിച്ചു.
വിശുദ്ധ കുർബാനയിൽ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, മാർ ജോർജ് പുന്നക്കോട്ടിൽ, വികാരി ജനറാൾ മോണ്‍.പയസ് മലേക്കണ്ടം, സിഎംഐ പ്രൊവിൻഷ്യൽ സുപ്പീരിയർ ഫാ. മാത്യു മഞ്ഞക്കുന്നേൽ, ഫൊറോന വികാരിമാർ എന്നിവർ സഹകാർമികരായി. സ്നേഹവിരുന്നും ഉണ്ടായിരുന്നു.
നേരത്തെ കത്തീഡ്രൽ ദേവാലയ അങ്കണത്തിൽ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, മാർ ജോർജ് പുന്നക്കോട്ടിൽ എന്നിവർക്കൊപ്പമെത്തിയ മാർ റാഫേൽ തട്ടിലിനെ കത്തീഡ്രൽ വികാരി റവ.ഡോ. തോമസ് ചെറുപറന്പിൽ ജപമാലകൾ കൊണ്ട് നിർമിച്ച ബൊക്കെ നൽകി സ്വീകരിച്ചു. കോതമംഗലം രൂപതയുടെ സ്നേഹത്തിന്റെയും ആദരവിന്റെയും സൂചകമായി മേജർ ആർച്ച്ബിഷപ്പിന് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ അംശവടി സമ്മാനിച്ചു.