ഇടുക്കി രൂപതയുടെ പ്രഥമ എപ്പാർക്കിയൽ അസംബ്ലിക്ക് ഉജ്വല പരിസമാപ്തി
1374236
Tuesday, November 28, 2023 11:54 PM IST
അടിമാലി: ആത്മജ്യോതി പാസ്റ്ററൽ സെന്ററിൽ മൂന്നു ദിവസങ്ങളിലായി നടന്ന ഇടുക്കി രൂപതയുടെ പ്രഥമ എപ്പാർക്കിയൽ അസംബ്ലി സമാപിച്ചു. 150 പ്രതിനിധികൾ പങ്കെടുത്തു. വിവിധ വിഷയങ്ങളെക്കുറിച്ച് പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും ചർച്ചകൾ നടത്തുകയും ചെയ്തു. കുടുംബങ്ങളെക്കുറിച്ചും യുവജനങ്ങളെക്കുറിച്ചുമായിരുന്നു പ്രധാന ചർച്ചകൾ.
രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ കോതമംഗലം മെത്രാൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ സമാപന സന്ദേശം നൽകി. ഇടുക്കി ദൈവത്തിന്റെ കൈയൊപ്പുള്ള ഇടമാണെന്നും അധ്വാനിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്ന കുടുംബങ്ങളാണ് ഹൈറേഞ്ചിന്റെ ഐശ്വര്യമെന്നും അതു കൈമോശം വരാതെ സൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇടുക്കിയിലെ കാർഷിക പ്രശ്നങ്ങൾ പരിഹരിക്കണമെന്നും ഭൂപ്രശ്നങ്ങളിലുള്ള നിയമ തടസങ്ങൾ ഒഴിവാക്കാൻ നടപടിയുണ്ടാകണമെന്നും ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് എത്രയും വേഗം പുറത്തുവിടുകയും നടപ്പാക്കുകയും ചെയ്യണമെന്നും ആവശ്യപ്പെട്ടുള്ള പ്രമേയങ്ങൾ ജോർജ് കോയിക്കലും സാം സണ്ണിയും അവതരിപ്പിച്ചു.
ഡീൻ കുര്യാക്കോസ് എം പി മുഖ്യപ്രഭാഷണം നടത്തി. മോൺ. ജോസ് പ്ലാച്ചിക്കൽ, മോൺ. ഏബ്രഹാം പുറയാറ്റ്, മോൺ. ജോസ് കരിവേലിക്കൽ, അഡ്വ. ജോയ്സ് ജോർജ്, ഫാ.ജിജോ ഇണ്ടിപ്പറമ്പിൽ സിഎസ്ടി, സിസ്റ്റർ സുഗുണ എഫ്സിസി, റിൻസി ആന്റണി എന്നിവർ പ്രസംഗിച്ചു.
രജതജൂബിലി വർഷത്തിൽ ഭവനരഹിതർക്ക് വീട് നിർമിച്ചു നൽകും: മാർ നെല്ലിക്കുന്നേൽ
കരിമ്പൻ: ഇടുക്കി രൂപതയുടെ പ്രഥമ എപ്പാർക്കിയൽ അസംബ്ലിയിൽ രൂപതാധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേൽ രൂപതയുടെ പ്രഖ്യാപനങ്ങളും ജനകീയ വിഷയങ്ങളിൽ സ്വീകരിക്കേണ്ട നടപടികളും വിശദീകരിച്ചു.
1.രൂപതയുടെ രജതജൂബിലി വർഷമായ 2028ൽ അർഹതപ്പെട്ട ഭവനരഹിതർക്ക് വീട് നിർമിച്ചു നൽകും.
2.വിവിധ സാമൂഹിക വിഷയങ്ങളിൽ രൂപതയുടെ പ്രതികരണം അറിയിക്കുന്നതിനായി പ്രതികരണവേദിക്ക് രൂപം നൽകും.
3. രൂപതയുടെ സമഗ്ര വളർച്ചയ്ക്ക് ഉതകുന്ന വിധത്തിൽ അടുത്ത അഞ്ചുവർഷത്തേക്കായി ഒരു മാസ്റ്റർ പ്ലാൻ തയാറാക്കും. അജപാലനം, വിദ്യാഭ്യാസം, യുവജന ശാക്തീകരണം, വിശ്വാസവളർച്ച, കാർഷിക മേഖല, സംരംഭക പ്രോത്സാഹനം എന്നിവയെല്ലാം ഈ മാസ്റ്റർ പ്ലാനിന്റെ കീഴിൽ വരും. വിദഗ്ധരായ വ്യക്തികളെ ചേർത്ത് അതിനായി ഒരു കമ്മിറ്റി രൂപീകരിച്ച് സമയബന്ധിതമായ വിലയിരുത്തൽ നടത്തും.
4. പ്രവാസികളെ സഹായിക്കുന്നതിനായി പ്രവാസി അപ്പൊസ്തലേറ്റ് രൂപീകരിക്കും.
5.ഇടുക്കിയിലെ കർഷകരെ ബാധിക്കുന്ന എല്ലാ പ്രശ്നങ്ങളിലും രൂപത കർഷകർക്കൊപ്പം ഉണ്ടാകും.
6. ഇടുക്കിയിലെ കർഷകരെ കൈയേറ്റക്കാരായി ചിത്രീകരിച്ച് അവരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന ഏതു പ്രവർത്തനത്തെയും ചെറുത്തു തോൽപ്പിക്കും.
7. ഭൂപതിവ് ചട്ടം ഭേദഗതി ബിൽ അടിയന്തരമായി നടപ്പാക്കാനുള്ള ഇച്ഛാശക്തി സർക്കാർ കാണിക്കണം.
8. പട്ടയം ഇല്ലാത്ത കർഷകർക്ക് പട്ടയം നൽകുകയും ദുരിതമനുഭവിക്കുന്ന കർഷകരുടെ ബാങ്ക് വായ്പ എഴുതിത്തള്ളുകയോ കുറഞ്ഞപക്ഷം പലിശ ഒഴിവാക്കുകയോ ചെയ്ത് അവരെ ജീവിക്കാൻ പ്രോത്സാഹിപ്പിക്കണം.
9. ഇടുക്കിയിൽനിന്നുള്ള ജനപ്രതിനിധികൾ ജനകീയ ആവശ്യങ്ങളിൽ ജനങ്ങളൊടൊപ്പം നിലനിൽക്കണം.
10. യുവജനങ്ങളും മുതിർന്നവരും രാഷ്ട്രീയ പ്രവർത്തനങ്ങളിൽ പങ്കാളികളാകുകയും മൂല്യാധിഷ്ഠിതമായ സമൂഹസേവനം നടപ്പാക്കുകയും ചെയ്യണമെന്ന് മാർ ജോൺ നെല്ലിക്കുന്നേൽ എപ്പാർക്കിയൽ അസംബ്ലിയിൽ ആവശ്യപ്പെട്ടു.