മണിയും നേതാക്കളും സമരം ചെയ്യേണ്ടത് മുഖ്യമന്ത്രിക്കു മുന്നിൽ-ഡീൻ
1339772
Sunday, October 1, 2023 11:02 PM IST
തൊടുപുഴ: ദൗത്യസംഘത്തെ നിയോഗിച്ചത് ഇടുക്കി എംപിയും കളക്ടറും കൂടിയാണെന്ന ഇടതു നേതാക്കളുടെ പ്രചാരണം അനാവശ്യമാണെന്ന് ഡീൻ കുര്യാക്കോസ് എംപി.
ദൗത്യ സംഘത്തെ നിയോഗിച്ച് ഉത്തരവിറക്കിയ സർക്കാരിന്റെ നടപടി കണ്ടില്ലെന്നുനടിച്ച് എം.എം. മണി അടക്കമുള്ള നേതാക്കൾ തനിക്കെതിരേ പറയുന്നത് ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നീക്കം മാത്രമാണ്.
എം.എം. മണി അടക്കമുള്ള എൽഡിഎഫ് നേതാക്കൾ ജില്ലയിലെ ഉദ്യോഗസ്ഥർക്കെതിരേ പറയാതെ മുഖ്യമന്ത്രി പിണറായി വിജയനെതിരേ സംസാരിക്കാൻ തന്റേടം കാട്ടണം. മൂന്നാറിലെ 335 കൈയേറ്റങ്ങളുടെ പട്ടിക ഓഗസ്റ്റ് 19ന് ഹൈക്കോടതിയിൽ സമർപ്പിച്ചത് ഇടുക്കി കളക്ടറാണ്.
സർക്കാരിന്റെ ഭാഗമാണ് കളക്ടർ എന്നിരിക്കെ ഇടതുനേതാക്കൾ ഇതിന്റെ പേരിൽ കാണിക്കുന്നത് ഇരട്ടത്താപ്പാണെന്നും എംപി പറഞ്ഞു. കൈയേറ്റമൊഴിപ്പിക്കാൻ ദൗത്യസംഘത്തെ നിയോഗിക്കുമെന്ന് സർക്കാർ തന്നെയാണ് പറഞ്ഞത്.
പിന്നീട് സെപ്റ്റംബർ 26ന് ദൗത്യസംഘത്തെ നിയോഗിച്ചെന്ന് സർക്കാർ കോടതിയെ അറിയിക്കുകയും ചെയ്തു.
എം.എം. മണി എംഎൽഎക്കും ഇടതുനേതാക്കൾക്കും ദൗത്യസംഘ രൂപികരണത്തിനെതിരേ മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നിൽപോയി സമരം ചെയ്യാൻ ധൈര്യമുണ്ടോയെന്നു വെല്ലുവിളിക്കുന്നുവെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.