അശോക-മൂലമറ്റം റോഡ് നവീകരണം ഉടൻ: മന്ത്രി റോഷി അഗസ്റ്റിൻ
1339481
Saturday, September 30, 2023 11:44 PM IST
മൂലമറ്റം: അശോകക്കവല-മൂലമറ്റം ടൗണ് റോഡ് ബിഎംബിസി നിലവാരത്തിൽ നിർമിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായും വേഗത്തിൽ പൂർത്തീകരിക്കുമെന്നും മന്ത്രി റോഷി അഗസ്റ്റിൻ. അറക്കുളം പഞ്ചായത്തിൽ 5462 ഗാർഹിക കുടിവെള്ള കണക്ഷൻ നൽകുന്നതിനുള്ള പദ്ധതിയുടെ ഉദ്ഘാടനം മൂലമറ്റത്ത് നിർവഹിക്കുകയായിരുന്നു അദ്ദേഹം.
അറക്കുളം-കാഞ്ഞാർ പ്രദേശങ്ങളിൽ ടൂറിസം വികസനത്തിന് പദ്ധതി തയാറാക്കിവരികയാണ്. വിവിധ റോഡുകളുടെ വികസനത്തിനും നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അറക്കുളത്ത് കായിക വികസനത്തിന് കളിസ്ഥലം ഒരുക്കുന്നതിനു ഭൂമി ലഭ്യമായാൽ ആവശ്യമായ പദ്ധതി തയാറാക്കും. എംവിഐപിയുടെ ഒരിഞ്ചുസ്ഥലവും വനംവകുപ്പിന് ഇനി വിട്ടുകൊടുക്കില്ല. വർഷങ്ങൾക്കു മുന്പ് നൽകേണ്ടത് നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ജില്ലയിൽ 2,757 കോടിയുടെയും ഇടുക്കി നിയോജക മണ്ഡലത്തിൽ 715 കോടിയുടെയും അറക്കുളത്ത് 96 കോടിയുടെയും കുടയത്തൂർ പഞ്ചായത്തിൽ 44 കോടിയുടെയും കുടിവെള്ള പദ്ധതിക്കാണ് അനുമതി നൽകിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. വിനോദ് അധ്യക്ഷത വഹിച്ചു. ഡീൻ കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണം നടത്തി.
കേരള വാട്ടർ അഥോറിട്ടി ബോർഡംഗം ഷാജി പാന്പൂരി, മധ്യമേഖല ചീഫ് എൻജിനിയർ പി.കെ. സലിം, സൂപ്രണ്ടിംഗ് എൻജിനിയർ വി.കെ. പ്രദീപ്, ബ്ലോക്ക് മെംബർമാരായ സ്നേഹൻ രവി, ആർ. ശെൽവരാജൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുബി ജോമോൻ, മെംബർമാരായ കെ.എൽ. ജോസഫ്, ഷിബു ജോസഫ്, ടോമി വാളികുളം, ഗീത തുളസീധരൻ, പി.എ. വേലുക്കുട്ടൻ, സുശീല ഗോപി, ഉഷ ഗോപിനാഥ്, കുടുംബശ്രീ ചെയർപേഴ്സണ് നിസ ജോണ്സണ് തുടങ്ങിയവർ പങ്കെടുത്തു.
കുടയത്തൂർ പഞ്ചായത്തിലെ ശുദ്ധജല വിതരണ പദ്ധതിയുടെ ഉദ്ഘാടനം കാഞ്ഞാറിൽ മന്ത്രി നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഉഷ വിജയൻ അധ്യക്ഷത വഹിച്ചു. ഡീൻ കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണം നടത്തി.