ഇടുക്കി അണക്കെട്ടിലെ സുരക്ഷാവീഴ്ച: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി
1339476
Saturday, September 30, 2023 11:44 PM IST
ചെറുതോണി: സുരക്ഷാ സംവിധാനങ്ങൾ മറികടന്ന് ഇടുക്കി-ചെറുതോണി അണക്കെട്ടുകളിൽ യുവാവ് ഹൈമാസ്റ്റ് ലൈറ്റിന്റെ ചുവട്ടിൽ താഴിട്ടുപൂട്ടുകയും ചെറുതോണി അണക്കെട്ടിന്റെ ഷട്ടർ ഉയർത്തുന്ന ഇരുമ്പ് വടത്തിൽ ദ്രാവകം ഒഴിക്കുകയും ചെയ്ത സംഭവത്തിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ജൂലൈ 22-നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
സ്വകാര്യവ്യക്തി അണക്കെട്ടിൽ അതിക്രമം നടത്തി 45 ദിവസത്തിനു ശേഷമാണ് സുരക്ഷാ ഉദ്യോഗസ്ഥർ സംഭവം അറിയുന്നത്. തുടർന്നു കഴിഞ്ഞ അഞ്ചിന് ഡാം സേഫ്റ്റി എക്സിക്യൂട്ടീവ് എൻജിനിയർ ഇടുക്കി പോലീസിനു നൽകിയ പരാതിയിലാണ് അന്വേഷണം നടക്കുന്നത്.
ഇടുക്കി പോലീസ് രജിസ്റ്റർ ചെയ്ത കേസ് അന്വേഷിക്കാൻ ജില്ലാ പോലീസ് മേധാവി വി.യു. കുര്യാക്കോസ് ഇടുക്കി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു.
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ അണക്കെട്ടിൽ അതിക്രമം നടത്തിയ ഒറ്റപ്പാലം സ്വദേശിയെ തിരിച്ചറിയുകയും ഇയാൾക്കെതിരേ കേസെടുക്കുകയും ചെയ്തു. പ്രതി സ്ഥലത്തെത്തിയ കാറിന്റെ ഡ്രൈവറെയും ഒപ്പമുണ്ടായിരുന്നവരേയും ചോദ്യം ചെയ്തു. സംഭവത്തിനു ശേഷം പ്രതി വിദേശത്തേക്കു പോയി.
ബന്ധുക്കൾ വഴി പ്രതിയെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. പ്രതിയുടെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നതിന്റെ ഭാഗമായി ലുക്കൗട്ട് സർക്കുലർ ഇറക്കുകയും ചെയ്തു. ഏതാനും ദിവസങ്ങൾക്കകം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുമെന്നാണ് പോലീസ് കേസന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ വ്യക്തമാക്കിയിരുന്നത്.
എന്നാൽ, അതുണ്ടായില്ലെന്നു മാത്രമല്ല പ്രത്യേക സംഘത്തിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണവും എങ്ങുമെത്തിയില്ല. ഇതോടെയാണ് ഇപ്പോൾ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കുന്നത്.