പൊതുവിദ്യാലയത്തിൽ പരിശീലനം കുടുംബശ്രീ മിഷന്റെ "തിരികെ സ്കൂളിൽ’ പദ്ധതിക്കു നാളെ തുടക്കം
1339255
Friday, September 29, 2023 11:17 PM IST
തൊടുപുഴ: കുടുംബശ്രീ സംഘടനാ സംവിധാനം മെച്ചപ്പെടുത്താനും നൂതന സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി കുടുംബശ്രീ അംഗങ്ങൾക്കു പുതിയ ഉപജീവന സാധ്യതകൾ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയും നടപ്പാക്കുന്ന "തിരികെ സ്കൂളിൽ പദ്ധതി’ക്കു നാളെ തുടക്കമാകും.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെയാണ് കുടുംബശ്രീ പദ്ധതി നടപ്പാക്കുന്നത്. എല്ലാ പഞ്ചായത്തുകളിലേയും പൊതുവിദ്യാലയങ്ങളിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. സ്കൂളുകളുടെ അതേ മാതൃകയിൽതന്നെ പരിശീലന പരിപാടി സംഘടിപ്പിക്കുന്നതിനാലാണ് പദ്ധതിയുടെ പേരു തന്നെ തിരികെ സ്കൂളിലേക്ക് എന്നായത്.
പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നാളെ വാത്തിക്കുടി പഞ്ചായത്തിലെ പതിനാറാംകണ്ടം സ്കൂളിൽ മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. ഇതോടൊപ്പം ഓരോ സിഡിഎസിനു കീഴിലും പരിപാടിക്കു തുടക്കം കുറിക്കും. നാളെ മുതൽ ഡിസംബർ 10 വരെയാണ് പദ്ധതിയുടെ കാലയളവ്. ഇതിനായി വിദ്യാലയങ്ങൾക്ക് സമാനമായ അന്തരീക്ഷമാണ് ഒരുക്കുന്നത്.
അവധിദിവസങ്ങളിൽ പരിശീലനം
ഞായറാഴ്ച ഉൾപ്പെടെയുള്ള അവധി ദിവസങ്ങളിൽ രാവിലെ 9.30 മുതൽ വൈകുന്നേരം നാലു വരെയാണ് ക്ലാസ്.
ഒരു ക്ലാസിൽ 50 മുതൽ 60 വരെ കുടുംബശ്രീ അംഗങ്ങളെയാണ് പഠിപ്പിക്കുന്നത്. ഒരു ദിവസം 1.15 മിനിറ്റുള്ള രണ്ടു ക്ലാസുകളും 45 മിനിറ്റുള്ള മൂന്നു ക്ലാസുകളും ഉണ്ടാകും. രാവിലെ അസംബ്ലിയോടെയാണ് ക്ലാസുകൾ ആരംഭിക്കുക.
പഠിതാക്കൾ ഉച്ചഭക്ഷണം വീട്ടിൽനിന്നു കൊണ്ടുവരണം. ഉച്ചഭക്ഷണ സമയത്ത് അംഗങ്ങൾക്ക് ചെറിയ തോതിൽ തങ്ങളുടെ കലാപരമായ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരവും ലഭിക്കും. പഠിതാക്കളുടെ എണ്ണം അനുസരിച്ചായിരിക്കും ക്ലാസുകൾ ക്രമീകരിക്കുക. പരിശീലനം ലഭിച്ച അധ്യാപകരാണ് ക്ലാസ് എടുക്കുന്നത്.
ബ്ലോക്ക് തലത്തിൽ ഇവർക്കുള്ള പരിശീലനം പൂർത്തിയാക്കി. നാളെ മുതൽ ഇവർ ക്ലാസ് എടുത്തു തുടങ്ങും. ഒരു സിഡിഎസിനു കീഴിൽ ഒരു സ്കൂളിലെങ്കിലും പരിശീലന പരിപാടി സംഘടിപ്പിക്കാണ് ലക്ഷ്യമിടുന്നത്. ജനപ്രതിനിധികളുടെയും സ്കൂൾ പിടിഎയുടെയും സഹകരണവും പദ്ധതിക്കു ലഭിക്കും.
തൊഴിൽസാധ്യത
ഓരോ അയൽക്കൂട്ടങ്ങളുടെയും പരിധിയിൽ വരുന്ന പ്രദേശത്തുള്ള വിഭവങ്ങൾ സംബന്ധിച്ച് ചർച്ച നടത്തി ഇവയെക്കുറിച്ച് അംഗങ്ങളിൽ കൃത്യമായ ധാരണ ഉണ്ടാക്കും. പിന്നീട് ഇവ ഉപയോഗപ്പെടുത്തി നൂതന തൊഴിൽസാധ്യതകൾ വളർത്തിയെടുക്കുന്നതിനെ സംബന്ധിച്ചും ക്ലാസെടുക്കും.
പ്രകൃതി വിഭവങ്ങൾ, കൃഷി, മൃഗസംരക്ഷണം, ടൂറിസം, മാനവ വിഭവശേഷി തുടങ്ങിയ വിഭാഗങ്ങളിലാണ് തൊഴിൽസാധ്യതകൾ കണ്ടെത്തുന്നത്. ഭാവിയിൽ അയൽക്കൂട്ട യോഗങ്ങളിൽ ഇത് പ്രത്യേക അജണ്ടയായി ഉൾപ്പെടുത്തി പദ്ധതികൾ ആവിഷ്കരിക്കണമെന്നാണ് നിർദേശം.