വണ്ടിപ്പെരിയാറിൽ ഭക്ഷ്യവിഷബാധ: അഞ്ചു പേർ ആശുപത്രിയിൽ
1338797
Wednesday, September 27, 2023 11:14 PM IST
വണ്ടിപ്പെരിയാർ: വണ്ടിപ്പെരിയാറിൽ ഭക്ഷ്യവിഷബാധയെത്തുടർന്ന് അഞ്ചു പേരെ ആശുപത്രിയിൽ പ്രവേശിച്ചു. പഴകിയ മീൻ, കേക്ക് എന്നിവ ഭക്ഷിച്ചതിനെത്തുടർന്നാണ് ഭക്ഷ്യ വിഷബാധ ഉണ്ടായത്.
വണ്ടിപ്പെരിയാർ കീരിക്കരയിലെ ഒരു കുടുംബത്തിലെ പുഷ്പം (63), വള്ളിയമ്മ (85), നേഹാശ്രീ (10) എന്നിവർക്കും കറുപ്പ്പാലം സ്വദേശികളായ സോണിയ (29), ലത (49) എന്നിവർക്കുമാണ് ഭക്ഷ്യ വിഷബാധയേറ്റത്.
ഇവരെ വണ്ടിപ്പെരിയാറിലെ സഹകരണ ആശുപത്രി, സാമൂഹികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച വണ്ടിപ്പെരിയാറിലെ ടൗൺ മാർക്കറ്റിലെ മത്സ്യവ്യാപാര സ്ഥാപനത്തിൽനിന്നു വാങ്ങിയ മത്സ്യം പാചകം ചെയ്ത് കഴിച്ചതിന് ശേഷമാണ് കീരിക്കര സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്നു പേർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതെന്നു പറയുന്നു.
വണ്ടിപ്പെരിയാറിലെ ഒരു വ്യാപാരസ്ഥാപനത്തിൽനിന്ന് കേക്ക് വാങ്ങി കഴിച്ചതിനെത്തുടർന്നാണ് കറുപ്പുപാലം സ്വദേശികളായ സോണിയ, ലത എന്നിവർക്ക് ശാരീരിക ബുദ്ധിമുട്ടുണ്ടായത്.