ജിതേഷ് ചെറുവള്ളില്‍
കാന്തല്ലൂര്‍: ശീതകാലപച്ചക്കറികളുടെ വിളനിലമായ കാന്തല്ലൂരിനു ദേശീയ അംഗീകാരം. രാജ്യത്തെ ഏറ്റവും മികച്ച ടൂറിസം വില്ലേജിനുള്ള ഗോള്‍ഡ് അവാര്‍ഡാണ് കാന്തല്ലൂരിനെ തേടിയെത്തിയത്. കേരള-തമിഴ്നാട് അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന കാന്തല്ലൂര്‍ പ്രകൃതിയുടെ വരദാനമാണ്.
പച്ചപ്പിന്റെ കേദാരമായ ഈ നാട് ഇവിടെ എത്തുന്നവര്‍ക്ക് അവിസ്മരണീയമായ കാഴ്ചകളാണ് സമ്മാനിക്കുന്നത്. ആപ്പിൾ, പ്ലം, മാതളനാരകം, പീച്ച്, സ്ട്രോബറി, മുട്ടപ്പഴം, പാഷന്‍ഫ്രൂട്ട്, പേരയ്ക്ക, നെല്ലിക്ക എന്നിവയും ശീതകാല പച്ചക്കറികളായ കാരറ്റ്, ബീറ്റ്റൂട്ട്, കോളിഫ്ളവര്‍, ബീന്‍സ്, വെളുത്തുള്ളി, ഉരുളക്കിഴങ്ങ് തുടങ്ങിയവയും നാടിനു പേരും പെരുമയും നല്കുന്നു.
വേറിട്ട അനുഭവം
സുഖശീതളമായ കാലാവസ്ഥയും ഇവിടത്തെ പ്രത്യേകതയാണ്. സമുദ്രനിരപ്പില്‍നിന്ന് 1,525 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്തെ ശരാശരി താപനില 18 ഡിഗ്രിയാണ്. പട്ടിശേരി ഡാം, കുളച്ചിവയൽ-ആനക്കോട് പാറകള്‍, കീഴാന്തൂർ-ഇരച്ചില്‍പ്പാറ വെള്ളച്ചാട്ടങ്ങള്‍, ഗുഹാക്ഷേത്രം, മുനിയറകള്‍ എന്നിവ കാന്തല്ലൂരിനെ വേറിട്ട വിനോദസഞ്ചാര കേന്ദ്രമാക്കുന്നു.
പുരാതന അവശേഷിപ്പുകളും ചരിത്രസ്മാരകങ്ങളും സാംസ്കാരിക പൈതൃകവും പേറുന്ന ഇവിടം ഗവേഷകര്‍ക്കും സഞ്ചാരികള്‍ക്കും ഒരുപോലെ പ്രിയപ്പെട്ട ഇടമാണ്.
തമിഴ്ഭാഷയാണ് ഇവിടത്തുകാര്‍ കൂടുതലായും ഉപയോഗിക്കുന്നത്. മണ്ണുകൊണ്ടു നിര്‍മിച്ച കോട്ടജുകളും ഹോംസ്റ്റേകളുമെല്ലാം സഞ്ചാരികള്‍ക്കു വേറിട്ട അനുഭവമാണ് സമ്മാനിക്കുന്നത്.
കൗതുകക്കാഴ്ച
മലയാളിയുടെ മനസില്‍ രുചിവൈവിധ്യം പകര്‍ന്നു നല്കുന്ന നാടെന്ന നിലയിലും കാന്തല്ലൂരിന് സവിശേഷ സ്ഥാനമുണ്ട്. ഗ്രാമത്തിന്റെ സൗന്ദര്യവും നിഷ്കളങ്കതയും ചോര്‍ന്നു പോകാത്ത പ്രദേശമാണിവിടം. ഉത്തരവാദിത്വ ടൂറിസം പദ്ധതിയുടെ ഭാഗമായി സംസ്ഥാന ടൂറിസം വകുപ്പ് സ്ട്രീറ്റ് പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കിയിരുന്നു.
ഗ്രാമീണ പരമ്പരാഗത ആദിവാസി കലാനുഭവങ്ങളിലേക്കു സഞ്ചാരികളെ ആകര്‍ഷിച്ച് തദ്ദേശീയരെ വിനോദസഞ്ചാരമേഖലയില്‍ പങ്കാളികളാക്കുന്നതിനൊപ്പം അവര്‍ക്ക് അധിക വരുമാനവും ഇതുവഴി ഉറപ്പാക്കുന്നു. ചിക്കാട്ടം പോലുള്ള ആദിവാസിനൃത്തം സഞ്ചാരികള്‍ക്ക് വേറിട്ട അനുഭവമാണ് നല്‍കുന്നത്.
റിസോര്‍ട്ടുകളിലും സര്‍ക്കാര്‍ പൊതുപരിപാടികളിലുമെല്ലാം ഈ കലാരൂപം സ്ഥാനംപിടിച്ചുകഴിഞ്ഞു. ഇതിലൂടെ കലാകാരന്മാര്ക്ക് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു.
വീട്ടമ്മമാർ, പരമ്പരാഗത കലാകാരന്മാര്, കര്‍ഷകര്‍ തുടങ്ങിയവരിലേക്ക് അധികവരുമാനം ലഭിക്കാനുള്ള പദ്ധതികളും ആവിഷ്കരിച്ചുനടപ്പാക്കി വരുന്നുണ്ട്. പാടത്ത് ഞാറു നടുന്നതും ശീതകാല പച്ചക്കറികള്‍ക്കായി നിലം ഒരുക്കുന്നതുമെല്ലാം സഞ്ചാരികള്‍ക്ക് കൗതുക കാഴ്ചയാണ്.
കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ കൃഷിയിടത്തില്‍ വിറ്റഴിക്കാന്‍ കഴിയുന്നതും നേട്ടമായി. ഉത്തരവാദിത്വ ടൂറിസം മിഷന് പദ്ധതി നടപ്പാക്കിയത് ഗ്രാമത്തിന്റെ മുഖച്ഛായ തന്നെ മാറ്റിമറിച്ചു.
ആധുനിക നിലവാരത്തിലുള്ള റോഡുകളുടെ പോരായ്മകൂടി പരിഹരിക്കാനായാല്‍ കാന്തല്ലൂരിനു ടൂറിസം മേഖലയില്‍ വന്‍ നേട്ടം കൈവരിക്കാനാകും. മൂന്നാറില്‍നിന്നു മറയൂര്വഴി 57 കിലോമീറ്ററും ഉടുമല്‍പേട്ട -മറയൂര്‍ വഴി 42 കിലോമീറ്ററുമാണ് കാന്തല്ലൂരിലേക്കുള്ളത്.