പീരുമേട് ഡിവൈഎസ്പി ജെ. കുര്യാക്കോസിനെ സസ്പെൻഡ് ചെയ്തു
1338488
Tuesday, September 26, 2023 10:56 PM IST
പീരുമേട്: ഡിവൈഎസ്പി ജെ. കുര്യാക്കോസിനെ ആഭ്യന്തര വകുപ്പ് സസ്പെൻഡ് ചെയ്തു. ഇദ്ദേഹത്തിനെതിരേ വകുപ്പുതല അന്വേഷണത്തിനും നിർദേശം. കുമളി പോലീസ് രജിസ്റ്റർ ചെയ്ത പീഡനക്കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യുന്നതു വൈകിപ്പിക്കാൻ ശ്രമിച്ചെന്ന സംഭവത്തിലാണ് സസ്പെൻഷൻ.
രാജസ്ഥാൻ സ്വദേശിനിയായ മുപ്പത്തൊന്നുകാരിയെ പീഡിപ്പിക്കുകയും ചിത്രങ്ങൾ പകർത്തുകയും ചെയ്ത കേസിൽ കുമളി പോലീസ് അന്വേഷണം നടത്തി പ്രതികളുടെ മൊബൈൽഫോണ്‍, ഐപാഡ് തുടങ്ങിയവ പിടിച്ചെടുത്തു.
ഈ സമയം പ്രതികൾ വീട്ടിലുണ്ടായിരുന്നിട്ടും അറസ്റ്റ് ചെയ്യുന്നത് നീട്ടിവയ്ക്കാൻ ഡിവൈഎസ്പി നിർദേശം നൽകിയതിനാൽ പ്രതികൾക്ക് രക്ഷപ്പെടാനും തെളിവുകൾ നശിപ്പിക്കാനും സമയം ലഭിച്ചെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
പ്രതികളെ പിന്നീട് ഡൽഹിയിൽ നിന്ന് അറസ്റ്റ് ചെയ്തു. സംഭവത്തിൽ കുമളി എസ്ഐ പി.ഡി.അനൂപ്മോനെ നേരത്തേ സസ്പെൻഡ് ചെയ്തിരുന്നു. ഉപ്പുതറ എസ്എച്ച്ഒ ഇ.ബാബു, മുല്ലപ്പെരിയാർ എസ്എച്ച്ഒ ടി.ഡി.സുനിൽകുമാർ എന്നിവർക്കെതിരേ വകുപ്പുതല അന്വേഷണത്തിനും ശിപാർശയുണ്ട്.