ഉദ്ഘാടനത്തിനൊരുങ്ങി ചെറുതോണി പാലം
1338487
Tuesday, September 26, 2023 10:56 PM IST
ഇടുക്കി: ചെറുതോണി പാലത്തിന്റയും മൂന്നാർ ബോഡിമെട്ട് റോഡിന്റെയും ഉദ്ഘാടനം ഒക്ടോബർ 12ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരി ഓണ്‍ലൈനായി നിർ വഹിക്കുമെന്ന് ഡീൻ കുര്യാക്കോസ് എംപി. എൻഎച്ച് 185 അടിമാലി-കുമളി ദേശീയപാതയിൽ ഏറ്റവും പ്രധാനപ്പെട്ട നിർമാണ പ്രവർത്തനമാണ് ചെറുതോണി പാലം.
2018ലെ പ്രളയത്തിൽ ഇടുക്കി ഡാം തുറന്നുവിട്ടപ്പോൾ ചെറുതോണി ഒറ്റപ്പെട്ടുപോയ പശ്ചാത്തലത്തിലാണ് പാലത്തിന്റെ പുനർനിർമാണം ആവശ്യമായി വന്നത്. തുടർന്ന് കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയത്തിനു സമർപ്പിച്ച പ്രൊപ്പോസലിൽ എസ്റ്റിമേറ്റ് തുക കൂടിയതിനെത്തുടർന്ന് ഇത് തള്ളിയിരുന്നു.
പിന്നീട് 2019ൽ ഡീൻ കുര്യാക്കോസ് പാർലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടപ്പോഴാണ് ഇതു സംബന്ധിച്ച് പുതിയ പ്രൊപ്പോസൽ സമർപ്പിക്കാനും 2020 മാർച്ചിൽ 25 കോടിയുടെ ഭരണാനുമതി ലഭിക്കാനും ഇടയായത്.
പിന്നീട് ടെൻഡർ നടപടികൾ പൂർത്തീകരിച്ച് സാങ്കേതികാനുമതിയും ലഭ്യമാക്കി 2020 ഒക്ടോബർ ഒന്നിനാണ് പാലത്തിന്റെ നിർമാണോദ്ഘാടനം നടത്തിയത്.
മൂന്നുവർഷം കൊണ്ട് പാലത്തിന്റെ നിർമാണം പൂർത്തീകരിക്കാനായി എന്നത് അഭിമാനകരമായ നേട്ടമാണെന്ന് എംപി പറഞ്ഞു.
ഇതോടൊപ്പം അടിമാലി മുതൽ കുമളി വരെ 18 മീറ്റർ വീതിയിൽ റോഡ് വികസനം യാഥാർഥ്യമാകാൻ പോവുകയാണ്. ഇതിന്റെ ലാൻഡ് അക്വിസിഷൻ നടപടികൾ പുരോഗമിക്കുകയാണ്. ഇതിനായി 400 കോടി കേന്ദ്ര സർക്കാർ അനുവദിച്ചിട്ടുണ്ട്.
ഭൂമി ഏറ്റെടുക്കൽ പൂർത്തീകരിച്ച് ഈ വർഷം തന്നെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ സാധിക്കുമെന്നും എംപി പറഞ്ഞു. തടിയന്പാട്, മരിയാപുരം പ്രദേശങ്ങളെ ബന്ധിപ്പിച്ചുള്ള 200 മീറ്റർ നീളത്തിലുള്ള പുതിയ പാലത്തിന്റെ ടെൻഡർ നടപടികളും ഉടൻ ആരംഭിക്കും.
മൂന്നാർ ബോഡിമെട്ട് റോഡ് -2017 നിർമാണത്തിന് അന്തിമ അനുമതി ലഭിച്ചതിനു ശേഷം ഒട്ടേറെ കടന്പകൾ കടന്നാണ് പൂർത്തിയാക്കിയതെന്നും എംപി പറഞ്ഞു.