അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ രണ്ടാം പ്രതിയും അറസ്റ്റിൽ
1337835
Saturday, September 23, 2023 11:21 PM IST
കട്ടപ്പന: വാട്ട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കി യുവതിയുടെ മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ രണ്ടാം പ്രതിയും അറസ്റ്റിലായി. നരിയംപാറ കണ്ണമ്പള്ളിൽ ജിയോ ജോർജി (23) നെയാണ് അറസ്റ്റ് ചെയ്തത്.
ഏതാനും മാസങ്ങൾക്കു മുൻപാണ് കേസിനാസ്പദമായ സംഭവം. തങ്കമണി പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന യുവതിയുടെ മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങളാണ് ഇരട്ടയാർ ഇടിഞ്ഞമലയിൽ ഗ്യാസ് ഏജൻസി നടത്തുന്ന കറുകച്ചേരിൽ ജെറിൻ വാട്ട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കി പ്രചരിപ്പിച്ചത്.നൂറ്റിയൻപത് പേരെയോളം ഗ്രൂപ്പിൽ ഉൾപ്പെടുത്തിയ ശേഷമായിരുന്നു ചിത്രം പ്രചരിപ്പിച്ചത്. അപമാനം നേരിട്ടതോടെ യുവതി തങ്കമണി പോലീസിൽ പരാതി നൽകി.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ജെറിൻ അതിഥിത്തൊഴിലാളിയുടെ സിം കാർഡ് കൈക്കലാക്കി അശ്ലീല ചിത്രം പ്രചരിപ്പിക്കുകയായിരു ന്നെന്നു കണ്ടെത്തിയത്. കുറ്റകൃത്യം നടത്താൻ സഹായിച്ച സഹോദരൻ ജെബിനെയും നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇരുവരെയും വിശദമായി ചോദ്യം ചെയ്തതോടെയാണ് നരിയംപാറ സ്വദേശി ജിയോയെയും പൊലീസ് പിടികൂടിയത്.ഇയാളാണ് ചിത്രം മോർഫ് ചെയ്യാൻ ഒന്നാം പ്രതിയെ സഹായിച്ചത്.
ജെറിന് മൊബൈൽ ഫോൺ വാങ്ങി നൽകിയതും ജിയോ ആണെന്ന് തങ്കമണി എസ്എച്ച്ഒ കെ .എം. സന്തോഷ് പറഞ്ഞു. ചിത്രങ്ങൾക്കൊപ്പം പ്രചരിച്ച ശബ്ദ സന്ദേശവും ജിയോയുടേതാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.സംഭവത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോയെന്നു പോലീസ് അന്വേഷിക്കുന്നുണ്ട്.