വിജ്ഞാന വിസ്മയമൊരുക്കി ‘നീലക്കുറിഞ്ഞി’അടിമാലിയിൽ
1337307
Friday, September 22, 2023 12:14 AM IST
അടിമാലി: കാലാവസ്ഥയ്ക്കും കാഴ്ചകൾക്കുമൊപ്പം പശ്ചിമഘട്ടത്തിന്റെ ജൈവ വൈവിധ്യത്തിന്റെ അനുപമ സവിശേഷതകളെ തൊട്ടറിയാൻ ഹരിതകേരളം ജൈവവൈവിധ്യ വിജ്ഞാന കേന്ദ്രം "നീലക്കുറിഞ്ഞി’ അടിമാലി ഗവ. ഹൈസ്കൂളിൽ തുറക്കും. ഹരിത കേരളം മിഷനും ജില്ലാ പഞ്ചായത്തും ചേർന്നാണ്് നവകേരളം കർമ പദ്ധതിയുടെ ഭാഗമായി കേന്ദ്രം യാഥാർഥ്യമാക്കിയത്.
രാവിലെ ഒന്പതു മുതൽ വൈകുന്നേരം അഞ്ചു വരെയാണ് കേന്ദ്രത്തിന്റെ പ്രവർത്തന സമയം. തിങ്കളാഴ്ച കേന്ദ്രത്തിന് അവധിയായിരിക്കും.മൂന്നാറിലും പരിസര പ്രദേശങ്ങളിലും സന്ദർശകരായെത്തുന്നവർക്ക് ഈ പ്രദേശത്തെ ജൈവ വൈവിധ്യത്തിന്റെ സവിശേഷതകളെക്കുറിച്ച് അനുഭവാധിഷ്ഠിതമായ അറിവു പകരുക എന്ന ലക്ഷ്യമാണ് "നീലക്കുറിഞ്ഞിക്ക്’ പിന്നിൽ.
ഇതിനായി ഇന്ററാക്ടീവ് കിയോസ്കുകൾ, പാനലുകൾ, വീഡിയോ തുടങ്ങിയവയും ആവാസ വ്യവസ്ഥ, സാംസ്കാരിക പാരന്പര്യം, ഭൂപ്രകൃതി, ജന്തു സസ്യ വൈവിധ്യങ്ങൾ എന്നിവയുടെ മാതൃകകളുമടക്കമുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.
സ്കൂൾ ഹാളിൽ രാവിലെ 11ന് എ. രാജ എംഎൽഎയുടെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ കേന്ദ്രം നാടിനു സമർപ്പിക്കും. നവകേരളം കർമപദ്ധതി സംസ്ഥാന കോ-ഓർഡിനേറ്റർ ഡോ. ടി.എൻ. സീമ പദ്ധതി വിശദീകരിക്കും.
ഡീൻ കുര്യാക്കോസ് എംപി മുഖ്യാതിഥിയാകും. സംസ്ഥാന പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ് ബ്രോഷർ പ്രകാശനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു, അടിമാലി പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ സുനിൽ, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.എൻ. മോഹനൻ, ജില്ലാ പഞ്ചായത്തംഗം സോളി ജീസസ്, അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമൻ ചെല്ലപ്പൻ, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.ഡി. ഷാജി, വാർഡ് മെംബർ സി.എ. സിദ്ദിഖ് തുടങ്ങിയവർ പ്രസംഗിക്കും.