പച്ചത്തുരുത്തുകൾക്ക് അംഗീകാരം
1574951
Saturday, July 12, 2025 12:11 AM IST
ഇടുക്കി: മികച്ച പച്ചത്തുരുത്തുകൾക്ക് ഹരിതകേരളം മിഷൻ അംഗീകാരം നൽകുന്നു. ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ നട്ടുപിടിപ്പിച്ച പച്ചത്തുരുത്തുകളിൽ ഏറ്റവും മികച്ച അഞ്ചെണ്ണത്തിനാണ് സംസ്ഥാന തലത്തിൽ പുരസ്കാരം നൽകുന്നത്. ജില്ലാതലത്തിൽ മികച്ച മൂന്ന് പച്ചത്തുരുത്തുകൾക്കും അംഗീകാരം നൽകും. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ, സ്കൂളുകൾ, കോളജുകൾ, മറ്റ് സ്ഥാപനങ്ങൾ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലാണ് പച്ചത്തുരുത്ത് പുരസ്കാരങ്ങൾ നൽകുന്നത്.
ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ പരിസ്ഥിതി, സസ്യശാസ്ത്ര മേഖലകളിലെ വിദഗ്ധരെ ഉൾപ്പെടുത്തി രൂപീകരിച്ച വിദഗ്ധ സംഘം നേരിട്ട് സന്ദർശനം നടത്തി വിലയിരുത്തിയാണ് മികച്ചവയെ കണ്ടെത്തുന്നത്. അഞ്ച് സെന്റ് മുതൽ വിസ്തൃതിയുള്ളതും രണ്ടു വർഷത്തിനു മുകളിൽ പ്രായമുള്ളതും മതിയായ വളർച്ചയുള്ളതുമായ പച്ചത്തുരുത്തുകളെയാണ് അംഗീകാരത്തിനായി പരിഗണിക്കുന്നത്.
പ്രാദേശിക ജൈവവൈവിധ്യം, വൃക്ഷ സസ്യ വൈവിധ്യം, വിസ്തീർണത്തിന് ആനുപാതികമായി തൈകൾ, ജൈവവേലി, നിശ്ചിത മാതൃകയിലുള്ള നാമകരണ ബോർഡ്, പച്ചത്തുരുത്ത് സംഘാടക സംരക്ഷണസമിതിയുടെ പങ്കാളിത്തം, ചെടികളുടെ ലേബലിംഗ് തുടങ്ങിയ ഘടകങ്ങളും മാനദണ്ഡമാണ്. ജില്ലാതല പുരസ്കാരങ്ങൾ സെപ്റ്റംബർ ആദ്യവാരവും സംസ്ഥാനതല പുരസ്കാരം സെപ്റ്റംബർ 16ന് തിരുവനന്തപുരത്തും സമ്മാനിക്കും.