ഇടിഞ്ഞുവീഴാവുന്ന സ്ഥിതിയില്‍ കലുങ്ക്; കണ്ണടച്ച് അധികൃതര്‍
1574942
Saturday, July 12, 2025 12:10 AM IST
നെടുങ്കണ്ടം: കലുങ്ക് അപകടാവസ്ഥയിലായിട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും കണ്ണ് തുറക്കാതെ അധികൃതര്‍. വിദ്യാര്‍ഥികളടക്കം നൂറുകണക്കിനാളുകളും നിരവധി വാഹനങ്ങളും കടന്നുപോകുന്ന നെടുങ്കണ്ടം പഞ്ചായത്ത് ഗുരുനഗറിലെ കലുങ്കാണ് ഏതുനിമിഷവും നിലംപൊത്താവുന്ന സ്ഥിതിയിലായത്. ആലപ്പുഴ - മധുര സംസ്ഥാന പാതയില്‍നിന്ന് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി നഴ്സിംഗ് കോളജിലേക്കും സമീപപ്രദേശങ്ങളിലേക്കും പോകുന്ന റോഡിലെ കലുങ്കാണ് അപകടാവസ്ഥയിലുള്ളത്.
കലുങ്കിന്റെ തൂണുകളിലെ കല്ലുകള്‍ ഇളകിയ നിലയിലാണ്. കൂടാതെ പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ ഒഴുകിയെത്തുന്ന വെള്ളം കലുങ്കിന്റെ അടിഭാഗത്തെ കെട്ടുകള്ക്കുള്ളിലൂടെയാണ് ഒഴുകുന്നത്. ഇതുമൂലം ഈ കെട്ടുകള്‍ ഇടിഞ്ഞ നിലയിലാണ്. കേരളത്തില്‍നിന്നും ഇതര സംസ്ഥാനങ്ങളില്‍നിന്നുമായി നൂറുകണക്കിന് വിദ്യാര്‍ഥികളാണ് ഇവിടെ നഴ്സിംഗ് പഠനം നടത്തുന്നത്. ഇവര്‍ക്ക് കോളജിലേക്ക് എത്താനുള്ള ഏകവഴിയാണിത്. ഏതു നിമിഷവും തകരാവുന്ന കലുങ്കിലൂടെ കോളജ് ബസ് ദിവസം ആറു തവണയാണ് കടന്നുപോകുന്നത്.
കൂടാതെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പ്രദേശവാസികളുടെയും വാഹനങ്ങളും കടന്നുപോകുന്നുണ്ട്. ഡ്രൈവര്‍മാരും വിദ്യാര്‍ഥികളും നാട്ടുകാരും ഈ കലുങ്കിലൂടെ ഭീതിയോടെയാണ് കടന്നുപോകുന്നത്. കലുങ്കിന്റെ അപകടാവസ്ഥ സംബന്ധിച്ച് നിരവധി തവണ അധികൃതരെ അറിയിച്ചെങ്കിലും അനങ്ങാപ്പാറ നയമാണ് ഇവര്‍ സ്വീകരിക്കുന്നതെന്നു നാട്ടുകാര്‍ കുറ്റപ്പെടുത്തി.