നെടുങ്കണ്ടം ടൗണില്‍ ഫര്‍ണിച്ചര്‍ വ്യാപാര സ്ഥാപനത്തില്‍ വന്‍ തീപിടിത്തം
1574948
Saturday, July 12, 2025 12:11 AM IST
നെടുങ്കണ്ടം: ടൗണില്‍ ഫര്‍ണിച്ചര്‍ വ്യാപാരസ്ഥാപനത്തില്‍ വന്‍ തീപിടിത്തം. വ്യാഴാഴ്ച രാത്രി പത്തോടെയാണ് നെടുങ്കണ്ടം അര്‍ബന്‍ ബാങ്കിന് എതിര്‍വശത്തായി പ്രവര്‍ത്തിക്കുന്ന ജെപിഎസ് ഫര്‍ണിച്ചറിൽ തീപിടിത്തമുണ്ടായത്. സ്ഥാപനം അടച്ച് ജീവനക്കാര്‍ പോയതിനു ശേഷമാണ് തീപിടിത്തമുണ്ടായത്. അടഞ്ഞുകിടന്ന സ്ഥാപനത്തില്‍നിന്നും പുക ഉയരുന്നത് കണ്ട സമീപത്തെ കടകളിലെ ജീവനക്കാര്‍ ഫയര്‍ഫോഴ്സില്‍ വിവരം അറിയിക്കുകയായിരുന്നു.
വലിയ പൊട്ടിത്തെറിയോടെ സ്ഥാപനത്തിന്റെ മുന്‍വശത്ത് തീ പടരുകയായിരുന്നു. തീപിടിത്തത്തില്‍ മുന്‍വശത്ത് ഇരുന്ന ഫര്‍ണിച്ചറുകള്‍, നെയിം ബോര്‍ഡ്, സീലിംഗ്, ഷട്ടറുകള്‍, കൗണ്ടര്‍, കംപ്യൂട്ടറുകള്‍, സിസിടിവി സിസ്റ്റം, പാനലിംഗ്, ലൈറ്റുകള്‍ ഉള്‍പ്പടെയുള്ളവ പൂര്‍ണമായും കത്തിനശിച്ചു. 10 ലക്ഷത്തോളം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്.
ഫര്‍ണിച്ചറുകള്‍ക്ക് തീപിടിച്ചതോടെ ടൗണില്‍ കനത്ത പുക മൂടുകയും ചെയ്തിരുന്നു. ഫയര്‍ഫോഴ്സും പോലീസും സ്ഥലത്തെത്തി പ്രദേശവാസികളുടെ സഹായത്തോടെ ഏറെനേരം പണിപ്പെട്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിക്കാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനമെങ്കിലും വൈദ്യുതി വകുപ്പ് ഇത് സ്ഥിരീകരിച്ചിട്ടില്ല.
സംഭവത്തില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തുമെന്ന് വൈദ്യുതി വകുപ്പ് അധികൃതര്‍ അറിയിച്ചു. രണ്ടു മാസങ്ങള്‍ക്ക് മുമ്പാണ് ജെപിഎസ് ഫര്‍ണിച്ചര്‍ എന്ന സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചത്.