അവിശ്വാസ ചർച്ചയ്ക്കു മുന്പ് കരിമണ്ണൂരിൽ വൈസ് പ്രസിഡന്റ് രാജിവച്ചു
1574949
Saturday, July 12, 2025 12:11 AM IST
കരിമണ്ണൂർ: പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിയോ കുന്നപ്പിള്ളിക്കെതിരേ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം ചർച്ചയ്ക്കെടുക്കുന്നതിനു മുന്പ് അദ്ദേഹം രാജിവച്ചു. ഇന്നലെ രാവിലെ 11ന് അവിശ്വാസം ചർച്ചയ്ക്കെടുക്കാനിരിക്കേ 10.52ന് പഞ്ചായത്ത് സെക്രട്ടറിക്ക് മുന്പാകെ നേരിട്ടെത്തി അദ്ദേഹം രാജിക്കത്ത് നൽകുകയായിരുന്നു.
പഞ്ചായത്ത് പ്രസിഡന്റിനെതിരേ ദിവസങ്ങൾക്കു മുന്പ് യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ പിന്തുണയ്ക്കാൻ അദ്ദേഹം തയാറായിരുന്നില്ല. യുഡിഎഫ് പിന്തുണയോടെ വൈസ് പ്രസിഡന്റായി പ്രവർത്തിക്കുകയും യുഡിഎഫ് നിലപാടുകൾക്കു വിരുദ്ധമായി പ്രവർത്തിക്കുകയും ചെയ്ത ലിയോ കുന്നപ്പിള്ളിയോടുള്ള അതൃപ്തിയാണ് അദ്ദേഹത്തിനെതിരേ അവിശ്വാസം കൊണ്ടുവരാൻ കാരണം.
14 അംഗ ഭരണസമിതിയിൽ യുഡിഎഫ് മെംബർമാരായ ബൈജു വറവുങ്കൽ, എ.എൻ. ദിലീപ്കുമാർ, ജീസ് ആയത്തുപാടം, ബിബിൻ അഗസ്റ്റിൻ, ടെസി വിൽസണ്, ആൻസി സിറിയക്, ഷേർലി സെബാസ്റ്റ്യൻ, സിപിഐ അംഗമായ എം.എം. സന്തോഷ് കുമാർ ഉൾപ്പെടെയുള്ള എട്ടംഗങ്ങൾ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുന്നതിനായി ഹാളിൽ പ്രവേശിച്ച് ഹാജർ രേഖപ്പെടുത്തിയിരുന്നു.
അവിശ്വാസപ്രമേയം ചർച്ചയ്ക്കെടുക്കുന്നതിനു മുന്പ് ലിയോ കുന്നപ്പിള്ളി രാജി സമർപ്പിച്ചതിനാൽ അദ്ദേഹത്തിന്റെ വൈസ് പ്രസിഡന്റ് സ്ഥാനം നഷ്ടമായതായും അതിനാൽ അവിശ്വാസ പ്രമേയം ചർച്ചയ്ക്കെടുക്കേണ്ടതില്ലെന്നും വരണാധികാരി അംഗങ്ങളെ അറിയിക്കുകയായിരുന്നു. അവിശ്വാസത്തിലൂടെ പുറത്താകുമെന്നു തിരിച്ചറിഞ്ഞതോടെ നാണക്കേട് ഒഴിവാക്കാനാണ് അദ്ദേഹം രാജി സമർപ്പിച്ചതെന്ന് യുഡിഎഫ് നേതാക്കൾ പറഞ്ഞു. പ്രസിഡന്റിനെതിരേ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസത്തെ പിന്തുണയ്ക്കാൻ തയാറാകാതിരുന്ന വേളയിൽത്തന്നെ അദ്ദേഹം രാജിവയ്ക്കുകയാണ് വേണ്ടിയിരുന്നതെന്നും നേതാക്കൾ പറഞ്ഞു.
രണ്ടു വർഷം മുന്പുനടന്ന വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാർഥിയായി മത്സരിച്ച എം.എം. സന്തോഷ്കുമാറിനെ പരാജയപ്പെടുത്തിയാണ് ലിയോ കുന്നപ്പിള്ളി യുഡിഎഫ് പിന്തുണയോടെ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.
പഞ്ചായത്ത് മെംബർ സ്ഥാനംകൂടി രാജിവയ്ക്കാൻ അദ്ദേഹം തയാറാകണമെന്നും യുഡിഎഫ് നേതാക്കൾ ആവശ്യപ്പെട്ടു. മണ്ഡലം ചെയർമാൻ പോൾ കുഴിപ്പിള്ളിൽ, കണ്വീനർ ടി.കെ. നാസർ, സെക്രട്ടറി വി.എ. സക്കീർ എന്നിവർ പ്രസംഗിച്ചു.