സംഘാടന മികവുമായി വിശ്വദീപ്തി സ്കൂൾ
1337302
Friday, September 22, 2023 12:14 AM IST
അടിമാലി: സഹോദയ കലോത്സവത്തിന് തിരശീല വീണപ്പോൾ ശ്രദ്ധേയമായത് അടിമാലി വിശ്വദീപ്തി പബ്ലിക് സ്കൂളിന്റെ സംഘാടന മികവ്.
പരാതികളില്ലാതെ കൃത്യമായ അച്ചടക്കവും സമയനിഷ്ഠയും പാലിച്ച് കലോത്സവം നടത്താനായത് ഏവരുടെയും പ്രശംസ നേടി. 14 വേദികളിലായി 1800-ഓളം കലാപ്രതിഭകളും അധ്യാപകരും പരിശീലകരും വിധികർത്താക്കളും അണിനിരന്ന കലോത്സവം എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിപ്പിക്കാൻ വിശ്വദീപ്തിക്കായി.
രുചികരമായ ഭക്ഷണമൊരുക്കിയ ഉൗട്ടുപുരയും പ്രഥമശുശ്രൂഷ നൽകാൻ സജ്ജമായ ടീമും പ്രത്യേകം കൈയടി നേടി. ദിവസങ്ങളായുള്ള ഒരുക്കങ്ങളും സംഘാടകസമിതിയുടെ മികവാർന്ന പ്രവർത്തനങ്ങളുമാണ് കലോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിന് വഴിയൊരുക്കിയത്.
അടിമാലി വിശ്വദീപ്തി സ്കൂൾ പ്രിൻസിപ്പലും സംഘാടകസമിതി കണ്‍വീനറുമായ ഫാ. രാജേഷ് ജോർജ്, വൈസ് പ്രിൻസിപ്പൽ ഫാ. വികാസ് മൈക്കിൾ, സ്കൂൾ മാനേജർ ഫാ. ഷിന്റോ കോലത്തുപടവിൽ, ജോയിന്റ് കണ്‍വീനർ ഷൈബി ചാക്കോ എന്നിവരുടെ സംഘാടന മികവാണ് കലോത്സവത്തിന് മുതൽക്കൂട്ടായത്.