കരിമണ്ണൂരിൽ അട്ടിമറി: ലിയോ കുന്നപ്പിള്ളിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ്
1337294
Friday, September 22, 2023 12:08 AM IST
കരിമണ്ണൂർ: പഞ്ചായത്ത് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് അട്ടിമറി വിജയം. എൽഡിഎഫ് അംഗമായിരുന്ന ജനാധിപത്യ കേരള കോണ്‍ഗ്രസിലെ ലിയോ കുന്നപ്പിള്ളിൽ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
ഇന്നലെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു നടന്ന തെരഞ്ഞെടുപ്പിനു മുന്‍പ് അദ്ദേഹം കോണ്‍ഗ്രസിൽ ചേരുകയായിരുന്നു. ഇതോടെ പഞ്ചായത്തിൽ യുഡിഎഫിന് ഭൂരിപക്ഷമായി. സിപിഐയിലെ പി.എം. സന്തോഷ്കുമാറിനെ ആറിനെതിരെ ഏഴ് വോട്ടുകൾക്കാണ് ലിയോ പരാജയപ്പെടുത്തിയത്.
വൈസ് പ്രസിഡന്റായിരുന്ന കേരള കോണ്‍ഗ്രസ്-എമ്മിലെ സാൻസൻ അക്കക്കാട്ട് എൽഡിഎഫ് മുന്നണി ധാരണപ്രകാരം രാജിവച്ചതിനെത്തുടർന്നാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നത്.
14 അംഗ പഞ്ചായത്ത് ഭരണസമിതിയിൽ എൽഡിഎഫിന് എട്ടും യുഡിഎഫിന് ആറും അംഗങ്ങളാണുണ്ടായിരുന്നത്. ഇതിൽ പന്നൂർ വാർഡിൽനിന്നു വിജയിച്ച ദേവസ്യ ദേവസ്യയെ ഇലക്ഷൻ കമ്മീഷൻ അയോഗ്യനാക്കിയതിനാൽ ഇദ്ദേഹത്തിന് വോട്ടവകാശമുണ്ടായിരുന്നില്ല. ഒരംഗത്തിന്റെ ഭൂരിപക്ഷത്തിലാണ് എൽഡിഎഫ് ഇവിടെ ഭരണം നടത്തിവരുന്നത്.
എൽഡിഎഫിൽനിന്നും ലിയോ കുന്നപ്പിള്ളിൽ യുഡിഎഫിൽ എത്തിയതോടെ പഞ്ചായത്ത് ഭരണവും എൽഡിഎഫിന് നഷ്ടമായേക്കും. അടുത്ത ദിവസം തന്നെ പ്രസിഡന്റിനെതിരെ അവിശ്വാസപ്രമേയ നോട്ടീസ് നൽകുമെന്ന് യുഡിഎഫ് അംഗങ്ങൾ അറിയിച്ചു.
നാടകീയ നീക്കവുമായി യുഡിഎഫ്
കരിമണ്ണൂർ: യുഡിഎഫിന്റെ നാടകീയ നീക്കമാണ് എൽഡിഎഫ് അംഗത്തെ യുഡിഎഫിൽ എത്തിച്ചത്. ഇന്നലെ നടന്ന വൈസ്പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കും വരെ അട്ടിമറി ആരും പ്രതീക്ഷിച്ചില്ല. തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് എൽഡിഎഫ് മെംബർമാരുടെ യോഗം വിളിച്ചുചേർത്തിരുന്നു.
ഇതിൽ ലിയോ കുന്നപ്പിള്ളിൽ പങ്കെടുക്കാതിരുന്നപ്പോഴാണ് എൽഡിഎഫ് നേതൃത്വത്തിന് അപകടം മണത്തത്. ഇതോടെ ജനാധിപത്യ കേരള കോണ്‍ഗ്രസിൽ നിന്നു വിജയിച്ച ലിയോ കുന്നപ്പിള്ളിക്ക് വിപ്പ് നൽകാൻ ശ്രമിച്ചെങ്കിലും തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾ ആരംഭിച്ചതിനാൽ മുറിക്കുള്ളിൽ പ്രവേശിക്കാനായില്ല.
വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ലിയോ കുന്നപ്പിള്ളിക്ക് യുഡിഎഫിന്റെ നേതൃത്വത്തിൽ കരിമണ്ണൂരിൽ സ്വീകരണവും നൽകി. അതേ സമയം എൽഡിഎഫ് വിട്ട് യുഡിഎഫിലെത്തിയ ലിയോ കുന്നപ്പിള്ളിക്കെതിരെ എൽഡിഎഫിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് പ്രകടനം നടത്തി.
സംഘർഷ സാധ്യത കണക്കിലെടുത്ത് പഞ്ചായത്ത് പരിസരത്ത് വൻ പോലീസ് സംഘത്തെ വിന്യസിച്ചിരുന്നു.