ഇടവെട്ടിയിൽ കുരങ്ങിന്റെ വിളയാട്ടം
1337031
Wednesday, September 20, 2023 11:08 PM IST
തൊടുപുഴ: ഇടവെട്ടി പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ കുരങ്ങ് കറങ്ങി നടക്കുന്നു. കഴിഞ്ഞ ഏതാനം ദിവസമായി നടയം വാർഡിൽപ്പെട്ട മരവെട്ടിച്ചുവട്, കൂവേക്കുന്ന്, നടയം അങ്കണവാടി മേഖല എന്നിവിടങ്ങളിലാണ് കുരങ്ങെത്തിയത്.
മരവെട്ടിച്ചുവട് മേഖലയിലാണ് ആദ്യം കുരങ്ങിനെ കണ്ടത്. വലിപ്പമുള്ള കുരങ്ങ് വീടുകളുടെ മുകളിലും കൃഷിയിടങ്ങളിലും അടക്കം എത്തുന്നുണ്ട്. ചിലയിടങ്ങളിൽ നാശം വരുത്തിയതായും പറയുന്നു. കുരങ്ങ് ആക്രമിക്കുമോ എന്ന ഭയവും നാട്ടുകാർക്കുണ്ട്.
സംഭവം വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചതായി വാർഡ് മെംബർ അറിയിച്ചു.
എത്രയും വേഗം കുരങ്ങിനെ പിടികൂടി വനമേഖലയിലേക്ക് മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കുരങ്ങ് എങ്ങനെ ഈ മേഖലയിൽ എത്തിയെന്നത് വ്യക്തമല്ല. റബർതോട്ടങ്ങളുള്ള മേഖലയായതിനാൽ ആളുകളെ കണ്ട് ഓടിപോകുന്ന കുരങ്ങിനെ പിന്നീട് കണ്ടെത്താനുമാകുന്നില്ല.
രാവിലെയാണ് കുരങ്ങ് കൂടുതലായും ജനവാസമേഖലയിലെത്തുന്നത്.