കർഷകർക്കെതിരേ ഹർജി: കർഷക കോൺഗ്രസ് മാർച്ച് നടത്തി
1337030
Wednesday, September 20, 2023 11:08 PM IST
നെടുങ്കണ്ടം: ജില്ലയില്‍ വിറക് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഏലക്കാ ഡ്രയറുകള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് ദേശീയ ഹരിത ട്രൈബ്യൂണലില്‍ ഹര്‍ജി നല്കിയ മുണ്ടിയെരുമ സ്വദേശിയുടെ വീട്ടിലേക്ക് കര്‍ഷക കോണ്‍ഗ്രസ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി.
ജില്ലയിലെ കര്‍ഷകരെ ഉന്മൂലനം ചെയ്യുവാനുള്ള പരിസ്ഥിതിവാദികളുടെ പുതിയ തന്ത്രത്തിന്റെ ഭാഗമാണ് ഹര്‍ജിയെന്ന് കര്‍ഷക കോണ്‍ഗ്രസ് ആരോപിച്ചു. ട്രൈബ്യൂണലിന്റെ ചെന്നൈ ബഞ്ചിലാണ് മുണ്ടിയെരുമ സ്വദേശി ഹര്‍ജി നല്‍കിയത്. വരുന്ന 25ന് ഹര്‍ജി പരിഗണിക്കാനിരിക്കയാണ് പ്രതിഷേധം ശക്തമായത്.
വിറക് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഏലം ട്രയറുകള് ആരോഗ്യ, പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് കാണിച്ചാണ് മുണ്ടിയെരുമ സ്വദേശി ഗ്രീന്‍ ട്രൈബ്യൂണലില്‍ ഹര്‍ജി നല്‍കിയത്.
ഹര്‍ജിക്കാരന്റെ വീട്ടിലേക്ക് കര്‍ഷക കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് വീടിന് മുമ്പില്‍ പോലീസ് തടഞ്ഞു. തുടര്‍ന്ന് കര്‍ഷക കോണ്‍ഗ്രസ് ഉടുമ്പന്‍ചോല നിയോജക മണ്ഡലം പ്രസിഡന്റ് ജോയി കുന്നുവിളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ജില്ലാ പ്രസിഡന്റെ ആന്റണി കുഴിക്കാട്ട് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസ് മുത്തനാട്ട്, പി.ടി വര്‍ക്കി, ജോസഫ് ചാക്കോ, ബാബു അത്തിമൂട്ടില്‍, അജയ് കളത്തുകുന്നേല്‍, അനില്‍കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.