കൃഷിയിടത്തിൽ നിത്യസന്ദർശകരായി കാട്ടാനകൾ
1336542
Monday, September 18, 2023 10:58 PM IST
മറയൂർ: കാന്തല്ലൂർ, മറയൂർ മേഖലയിൽ കാട്ടാന കൃഷിയിടത്തിൽ നിത്യ സന്ദർശകരായി. കഴിഞ്ഞ ദിവസം രാവിലെ നാത്തംപാറ ഭാഗത്ത് മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്താൽ കിണർ കുഴിക്കുന്നതിനിടയിൽ ഒറ്റയാൻ എത്തിയതു ഭീതി സൃഷ്ടിച്ചു. കാട്ടാനയെക്കണ്ട് മണ്ണു മാന്തിയന്ത്രത്തിന്റെ ഓപ്പറേറ്റർ വാഹനത്തിൽനിന്ന് ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ ആളപായം ഉണ്ടായില്ലെങ്കിലും കൃഷിയിടങ്ങളിൽ ഇറങ്ങി കാട്ടാനകൾ വിളകൾ നശിപ്പിക്കുന്നതു തുടരുകയാണ്.
ചിന്നാർ വന്യജീവി സങ്കേതത്തിൽനിന്നു കാരയൂർ ചന്ദന റിസർവ് മുറിച്ചുകടക്കുന്ന കാട്ടാനകൾ ശിവൻപന്തി വെട്ടുകാട് ഭാഗങ്ങളിൽ റോഡ് മുറിച്ച് കൃഷിയിടത്തിൽ ഇറങ്ങുകയാണ്. കീഴാന്തൂർ, പെരുമല മേഖലയിലെ പച്ചക്കറിക്കൃഷി തോട്ടത്തിലെത്തി അവിടെനിന്ന് ആടിവയൽ, കുളച്ചിവയൽ കടന്നു പെരുമല വരെ എത്തുന്നുണ്ട്.
വനംവകുപ്പിന്റെ ഭാഗത്തുനിന്നു കാട്ടാനകളെ തുരത്താനോ കാട്ടാനകൾ കൃഷിയിടങ്ങളിൽ കടക്കുന്നതു തടയുന്നതിനോ ബന്ധപ്പെട്ടവർ തയാറാകാതെ വന്നതോടെ മറയൂര്‍ ഡിഎഫ്ഒ, ചിന്നാര്‍ അസി. വൈല്‍ഡ് ലൈഫ് വാര്ഡന് എന്നിവരുടെ ഓഫീസുകൾക്കുമുന്നിൽ സമരം ആരംഭിക്കാൻ കാന്തല്ലൂർ പഞ്ചായത് പ്രസിഡന്റ് പി.ടി. മോഹൻദാസിന്റെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷിയോഗം തീരുമാനിച്ചു.