മൂന്നാറിൽ ചികിത്സാ സൗകര്യം തണുത്തു മരവിച്ചു!
1301081
Thursday, June 8, 2023 10:51 PM IST
മൂന്നാർ: തെക്കിന്റെ കാഷ്മീരാണ് മൂന്നാറെന്നാണ് വീന്പു പറച്ചിൽ. എന്നാൽ, സർക്കാർതലത്തിൽ നിലവാരമുള്ള ആശുപത്രി പോയിട്ട് ഒരു പ്രാഥമികാരോഗ്യ കേന്ദ്രം പോലും ഇവിടെയില്ല. സ്വദേശികളും വിദേശികളും ഉൾപ്പെടെ നൂറുകണക്കിനു സഞ്ചാരികൾ പ്രതിദിനം കാഴ്ചയുടെ വിരുന്ന് ആസ്വദിക്കാനെത്തുന്ന മൂന്നാറിന്റെ ദുരവസ്ഥയാണിത്. സാധാരണക്കാരായ ജനങ്ങളുടെ ചിരകാല അഭിലാഷമായിരുന്നു ഇവിടെ ഒരു സർക്കാർ ആശുപത്രി. ഇതിനുള്ള പദ്ധതി ആരംഭിച്ചിട്ടു വർഷങ്ങൾ പലതു കഴിഞ്ഞിട്ടും ഒന്നും സംഭവിച്ചിട്ടില്ല.
ടൗണിനു സമീപം 15 ഏക്കർ സ്ഥലത്ത് 78 ലക്ഷം രൂപ ചെലവഴിച്ച് ആശുപത്രി നിർമിക്കാനായിരുന്നു പദ്ധതി. മണ്ണു പരിശോധന ഉൾപ്പെടെ പൂർത്തിയാക്കിയിരുന്നു. 2021 സെപ്റ്റംബറിൽ നിർമാണവുമായി ബന്ധപ്പെട്ട് ഉന്നതതല ഉദ്യോഗസ്ഥ സംഘം സ്ഥലപരിശോധന നടത്തിയതു കഴിഞ്ഞതോടെ പദ്ധതി മൂന്നാറിലെ തണുപ്പടിച്ചു മരവിച്ചു!. മൂന്നാർ മേഖലയിലുള്ള രോഗികൾക്ക് അത്യാവശ്യ സന്ദർഭങ്ങളിൽ വിദഗ്ധ ചികിത്സ കിട്ടണമെങ്കിൽ മണിക്കൂറുകൾ യാത്ര ചെയ്യേണ്ട സ്ഥിതിയാണ്.
ആശ്രയം ടാറ്റ ആശുപത്രി
മൂന്നാർ എസ്റ്റേറ്റിലുള്ളവർക്കും ഇടമലക്കുടി, വട്ടവട തുടങ്ങിയ ആദിവാസി മേഖലകളിലുള്ളവർക്കും ടാറ്റാ കന്പനിയുടെ കീഴിലുള്ള സ്വകാര്യ ആശുപത്രി മാത്രമാണ് ചികിത്സയ്ക്കുള്ള ഏക ആശ്രയം. എന്നാൽ, ഇവിടെയും പൊതുജനങ്ങൾക്കു പ്രാഥമിക ചികിത്സാ സൗകര്യങ്ങൾ മാത്രമാണുള്ളത്. കിടത്തി ചികിത്സ എസ്റ്റേറ്റിലെ തൊഴിലാളികൾക്കു മാത്രമേയുള്ളൂ. മൂന്നാർ പഞ്ചായത്തിനു കീഴിൽ ഒരു ഡിസ്പെൻസറി ഉണ്ടെങ്കിലും കെട്ടിടംപോലും ജീർണാവസ്ഥയിലാണ്.
മൂന്നാറിൽനിന്നു 30 കിലോമീറ്റർ അകലെ ചട്ടമൂന്നാറിലാണ് പ്രാഥമികാരോഗ്യ കേന്ദ്രമുള്ളത്. സമീപ പഞ്ചായത്തായ ദേവികുളത്തു കുടുംബാരോഗ്യ കേന്ദ്രമുണ്ടെങ്കിലും ഇവിടെ ഏഴു പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമേയുള്ളൂ. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മൂലം ഇവിടെയെത്തുന്നവരെ അടിമാലി താലൂക്ക് ആശുപത്രിയിലേക്കു റഫർ ചെയ്യുകയാണ് പതിവ്. ഡയാലിസിസിനുളള സൗകര്യമൊരുക്കി പ്രത്യേക യൂണിറ്റ് ആരംഭിച്ചെങ്കിലും പ്രവർത്തനം ഇതുവരെ തുടങ്ങിയിട്ടില്ല. പള്ളിവാസൽ പഞ്ചായത്തിനു കീഴിൽ ചിത്തിരപുരത്ത് പ്രവർത്തിച്ചു വന്നിരുന്ന പ്രാഥമികാരോഗ്യ കേന്ദ്രം അപ്ഗ്രേഡ് ചെയ്യുമെന്നു വാഗ്ദാനം ചെയ്തിരുന്നെങ്കിലും നടന്നിട്ടില്ല.
ആംബുലൻസ് പോലുമില്ല
മൂന്നാറിലെത്തിയാൽ ഒരു ആംബുലൻസ് കിട്ടണമെങ്കിൽ ഇത്തിരി വിഷമിക്കും. വട്ടവട, ചിത്തിരപുരം, മറയൂർ, അടിമാലി തുടങ്ങിയ സ്ഥലങ്ങളിൽ ആംബുലൻസ് സൗകര്യങ്ങൾ ഉള്ളപ്പോഴും ആയിരക്കണക്കിനു തൊഴിലാളികൾ ജോലി ചെയ്യുന്നതും നൂറുകണക്കിനു വിനോദസഞ്ചാരികൾ എത്തുന്നതുമായ മൂന്നാറിൽ ആംബുലൻസ് സൗകര്യം ഇല്ല. അടിയന്തര സന്ദർഭങ്ങളിൽ ജീവൻ പോലും നഷ്ടമാകാൻ ഇതു കാരണമാകും.
മൂന്നാറിലെത്തുന്ന സഞ്ചാരികൾക്കു രോഗം വന്നാലും അത്യാഹിതം ഉണ്ടായാലും ചികിത്സയ്ക്കായി തമിഴ്നാട്ടിലെ തേനി മെഡിക്കൽ കോളജ് വരെ പോകേണ്ട സ്ഥിതിയാണ്. നിലവിലുള്ള പ്രാഥിമാകാരോഗ്യ കേന്ദ്രങ്ങളിലും മറ്റും ആവശ്യത്തിനു ഡോക്ടർമാരും ജീവനക്കാരും ഇല്ലാത്തതും തിരിച്ചടിയാണ്. പിഎസ്സി വഴിയും നാഷണൽ ഹെൽത്ത് മിഷൻ വഴിയും നിയമിക്കപ്പെട്ടവർക്കു ശന്പളത്തിലും ആനുകൂല്യങ്ങളിലും വലിയ അന്തരമുണ്ട്.
ജീവനക്കാർക്ക് ആരോഗ്യകേന്ദ്രങ്ങളോട് അനുബന്ധിച്ച് അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതിലാൽ ഇവിടെ ജോലിയിൽ തുടരാൻ പലർക്കും താത്പര്യമില്ല. ഇക്കാര്യങ്ങൾ ഉന്നയിച്ചു മുഖ്യമന്ത്രി, ആരോഗ്യമന്ത്രി എന്നിവർക്കു നിവേദനങ്ങൾ നിരവധിത്തവണ നൽകിയെങ്കിലും വഞ്ചി ഇപ്പോഴും തിരുനക്കരെത്തന്നെ.