പേരു കിട്ടി പക്ഷേ, ചികിത്സ കിട്ടിയില്ല!
1300865
Wednesday, June 7, 2023 10:57 PM IST
നെടുങ്കണ്ടം: ആശുപത്രി ഉണ്ടോയെന്നു ചോദിച്ചാൽ ഉണ്ട്, അതുകൊണ്ടു വല്ല പ്രയോജനം ഉണ്ടോയെന്നു ചോദിച്ചാൽ നാട്ടുകാർ കൈമലർത്തും. ഹൈറേഞ്ചിൽ എല്ലായിടത്തും സർക്കാർ ആശുപത്രിയുടെ കാര്യത്തിൽ ഇതു തന്നെയാണ് സ്ഥിതി.
ഉടുമ്പന്‍ചോല താലൂക്കിന്റെ ആസ്ഥാനമായ നെടുങ്കണ്ടത്തു പ്രവര്‍ത്തിക്കുന്ന താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയായി ഉയര്‍ത്തിയെങ്കിലും ജില്ലാ ആശുപത്രിയുടെ പ്രവർത്തനം ആയിട്ടില്ല. ചെറുതോണിയിൽ ഉണ്ടായിരുന്ന ജില്ലാ ആശുപത്രി സർക്കാർ മെഡിക്കൽ കോളജിനായി ഏറ്റെടുത്തപ്പോഴാണ് നെടുങ്കണ്ടം താലൂക്കാശുപത്രിയെ ജില്ലാ ആശുപത്രിയായി ഉയർത്തി സർക്കാർ പ്രഖ്യാപനമുണ്ടായത്. പകരം ഉടുന്പൻചോല താലൂക്കിനു താലൂക്കാശുപത്രിയും ഉണ്ടായിട്ടില്ല.
കെട്ടിട നിര്‍മാണം ഇഴഞ്ഞു നീങ്ങുന്നതുമൂലം പരിമിതമായ സൗകര്യത്തിലാണ് നെടുങ്കണ്ടത്തെ ജില്ല ആശുപത്രി എന്നു വിളിക്കുന്ന താലൂക്കാശുപത്രി പ്രവർത്തിക്കുന്നത്. സാധാരണക്കാര്‍ക്കും കൂലിപ്പണിക്കാര്‍ക്കും മുന്‍തൂക്കമുള്ള കാര്‍ഷിക മേഖലയാണ് ഈ താലൂക്ക്. അതിവിശാല മേഖലയില്‍ ചെറുതും വലുതുമായ ആരോഗ്യ കേന്ദ്രങ്ങള്‍ ഉണ്ടെങ്കിലും ജനങ്ങള്‍ പ്രധാനമായും ആശ്രയിക്കുന്നത് താലൂക്ക് ആശുപത്രിയെയാണ്.
ഒപിയിലെ ദുരിതം
ജില്ലാ ആശുപത്രിക്കായി താലൂക്കാശുപത്രിയിൽ ഉണ്ടായിരുന്ന ഒപി ബ്ലോക്ക് പൊളിച്ചുമാറ്റിയപ്പോള്‍ ബ്ലോക്ക് പഞ്ചായത്തിന്റെ കെട്ടിടത്തിലേക്കാണ് ഒപി വിഭാഗം മാറ്റിയത്. ഇരുപതോളം ഡോക്ടര്‍മാരും വിവിധ ഡിപ്പാര്‍ട്ട്മെന്റുകളും ഇവിടെ പ്രവർത്തിക്കുന്നത്. കൂടാതെ കാരുണ്യ ഫാര്‍മസി, കുത്തിവയ്പ് കേന്ദ്രം, ഡ്രസിംഗ്, ഓഫീസ് തുടങ്ങിയവയെല്ലാം പ്രവര്‍ത്തിക്കുന്നത് അസൗകര്യങ്ങള്‍ നിറഞ്ഞ ഈ കെട്ടിടത്തിലാണ്. ദിവസേന എഴുന്നൂറ്റന്പതോളം രോഗികളാണ് ഒപിയിൽ ചികിത്സ തേടി എത്തുന്നത്. ഇവര്‍ക്കു സ്വതന്ത്രമായി നില്‍ക്കാനോ ഇരിക്കാനോ കഴിയാത്ത സാഹചര്യമാണ്. ഒ പി ചീട്ടിനായി മഴയും വെയിലുമേറ്റ് വേണം ക്യൂ നില്ക്കാന്.
ഡോക്ടര്‍മാര്‍
23 ഡോക്ടര്‍മാരുടെ പോസ്റ്റാണ് താലൂക്ക് ആശുപത്രിയില്‍ ഉള്ളത്. ഇതില്‍ 20 പേര് ഡ്യൂട്ടിയിലുണ്ട്. സിഎംഒ പോസ്റ്റ് ഒഴിഞ്ഞുകിടക്കുന്നു. ജെ സി മെഡിസിനില്‍ ഒരു ഡോക്ടറെ നിയമിച്ചിട്ടുണ്ടെങ്കിലും വര്‍ക്കിംഗ് അറേഞ്ച്മെന്റിൽ തൊടുപുഴയിലാണ് ജോലി. കുട്ടികളുടെ വിഭാഗത്തില്‍ ഡോക്ടര്‍മാര്‍ ഇല്ലാതെയായിട്ട് ആറുമാസം. ഇതുമൂലം ഇവിടെ കൊച്ചുകുട്ടികളുടെ ചികിത്സ നിലച്ചു. അടുത്ത മാസം അ ഞ്ച് ഡോക്ടര്‍മാര്‍ ഇവിടെനിന്നു സ്ഥലംമാറും. പകരം ഡോക്ടര്‍മാരെ നിയമിച്ചിട്ടില്ല. ഇതോടെ പ്രതിസന്ധി രൂക്ഷമാകും.
സ്കാനിംഗ്, എക്സ്-റേ
അഞ്ചു വര്‍ഷം മുമ്പ് ആശുപത്രിക്കായി നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് സ്കാനിംഗ് മെഷീന് വാങ്ങിനല്‍കിയെങ്കിലും ഇപ്പോഴും ഇതു പ്രവര്‍ത്തിപ്പിച്ചിട്ടില്ല. ലക്ഷങ്ങള്‍ വിലവരുന്ന മെഷീന് സംരക്ഷണമില്ലാതെ നശിക്കുന്നു. ആശുപത്രിയില്‍ എക്സ്-റേ സൗകര്യം ഉണ്ടെങ്കിലും ഇതിന്റെ സേവനം പകല്‍ മാത്രം. രാത്രിയിലെ അപകടങ്ങള്‍ക്കും മറ്റും എക്സ്-റേ എടുക്കാൻ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കണം.
ബ്ലഡ് ബാങ്ക് ഇല്ല
താലൂക്ക് ആശുപത്രിയാണെങ്കിലും ഇവിടെ ബ്ലഡ് ബാങ്ക് ഇല്ല. അടിയന്തര ശസ്ത്രക്രിയ അടക്കമുള്ള സാഹചര്യങ്ങളില്‍ വലിയ പ്രതിസന്ധിയാണ് ഇതുമൂലം. ബ്ലഡ് ബാങ്ക് ഉള്ള ആശുപത്രികളിലേക്ക് അടിയന്തരമായി രോഗികളെ എത്തിക്കേണ്ടി വരും.
ഐസിയു ഇല്ല
ആശുപത്രിയിലെ പ്രധാന പോരായ്മയാണ് ഇന്റന്‍സീവ് കെയര്‍ യൂണിറ്റ് ഇല്ല എന്നത്. ഹൃദയസംബന്ധമായ രോഗങ്ങള്‍, അപകടങ്ങള്‍, അത്യാസന്ന നിലയിലുള്ള രോഗികള്‍ എന്നിവര്‍ക്കു കോട്ടയം മെഡിക്കല്‍ കോളജോ സ്വകാര്യ ആശുപത്രികളോ ആണ് ആശ്രയം.
മോര്‍ച്ചറി
താലൂക്ക് ആശുപത്രിയില്‍ ഉണ്ടായിരുന്ന മോര്‍ച്ചറി കെട്ടിടം പൊളിച്ചുകളഞ്ഞതോടെ മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ ഇടമില്ലാത്ത സ്ഥിതി. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും ഇരുപതേക്കറിലെ ആശുപത്രിയിലുമാണ് ഇപ്പോൾ സൗകര്യമുള്ളത്.
ജീവനക്കാരുടെ താമസം
ഡോക്ടര്‍മാര്‍ ഉള്‍പ്പടെ 153 പേരാണ് ആശുപത്രിയില്‍ സേവനം ചെയ്യുന്നത്. ഇതില്‍ ഭൂരിഭാഗം ആളുകളും മറ്റ് ജില്ലകളില്‍നിന്നുള്ളവരാണ്. ഇവര്‍ വന്‍തുക മുടക്കി വാടകക്കെട്ടിടങ്ങളിലാണ് താമസം. ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും ക്വാര്‍ട്ടേഴ്സ് വേണമെന്ന ആവശ്യം തുടരുന്നു.
ഇഴഞ്ഞു കെട്ടിടനിര്‍മാണം
ജില്ലാ ആശുപത്രിക്കായി 150 കോടി രൂപയുടെ കെട്ടിടങ്ങളാണ് നെടുങ്കണ്ടത്തു നിര്‍മിക്കുന്നത്. മൂന്നു വര്‍ഷം മുമ്പ് ആരംഭിച്ച ഒരു ബ്ലോക്കിന്റെ നിര്‍മാണം പോലും ഇതുവരെ പൂര്‍ത്തീകരിച്ചിട്ടില്ല. മറ്റു രണ്ട് ബ്ലോക്കുകള്കൂടി ഇനിയും നിര്‍മിക്കേണ്ടതുണ്ട്. കെട്ടിട നിര്‍മാണം പൂര്‍ത്തീകരിച്ചല്‍ പോലും കെട്ടിടത്തിനുള്ളിലെ മറ്റ് ജോലികള്‍ വേറെയുമുണ്ട്. ചുരുക്കത്തില്‍ 10 വര്‍ഷം എങ്കിലും കെട്ടിടനിര്‍മാണത്തിനായി എടുക്കുമെന്നാണ് സ്ഥിതി. ഇതിനു ശേഷമേ ജില്ലാ ആശുപത്രിയുടെ പൂര്‍ണതോതിലുള്ള പ്രവര്‍ത്തനം ആരംഭിക്കാനാകൂ.