കോട്ടയം മെഡിക്കൽ കോളജിലെ ചികിത്സാപ്പിഴവ്: അന്വേഷണസംഘം സർക്കാരിനു റിപ്പോർട്ട് നൽകി
1300861
Wednesday, June 7, 2023 10:57 PM IST
ഉപ്പുതറ: കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സ ലഭിക്കാതെ യുവതി മരിച്ച സംഭവത്തിൽ അന്വേഷണ കമ്മീഷൻ സർക്കാരിന് റിപ്പോർട്ട് നൽകി. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് സ്പഷൽ ഓഫീസർ ഡോ. എം.എച്ച്. അബ്ദുൽ റഷീദ്, ആരോഗ്യ വകുപ്പ് ഫോറൻസിക് മേധാവി ഡോ. രഞ്ചു രവീന്ദ്രൻ , തിരുവനന്തപുരം മെഡിക്കൻ കോളജ് പ്രഫസർ ഡോ. എസ്. ശ്രീകണ്ഠൻ എന്നിവരടങ്ങുന്ന സമിതിയാണ് ബുധനാഴ്ച സർക്കാരിനു റിപ്പോർട്ട് നൽകിയത്.
മരിച്ച യുവതിയുടെ പിതാവ് സി.ആർ. രാമറും മനുഷ്യാവകാശ പ്രവർത്തകൻ ഡോ. ഗിന്നസ് മാടസ്വാമിയും മുഖ്യമന്ത്രി, ആരോഗ്യ വകുപ്പ് മന്ത്രി എന്നിവർക്കു നൽകിയ പരാതിയിലാണ് ആരോഗ്യ വകുപ്പ് അന്വേഷണ സംഘത്തെ നിയോഗിച്ചത്. ഏലപ്പാറ ചിന്നാർ സിദ്ധൻ ഭവനിൽ സി.ആർ. രാമറുടെ മകൾ ലിഷമോൾ ( 30 ) 2022 ഏപ്രിൽ 24 നാണ് യഥാസമയം ചികിത്സ ലഭിക്കാത്തതിനെത്തുടർന്ന് മരിച്ചത്.
അന്നു രാവിലെ തലവേദനയെത്തുടർന്ന് ലിഷമോളെ ഏലപ്പാറയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീടു പീരുമേട് താലൂക്ക് ആശുപത്രിയിലും എത്തിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്ക് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി 1.45ന് കോട്ടയം മെഡിക്കൽ കോളജിൽ എത്തിയെങ്കിലും നിഷയെ പരിശോധിക്കാൻ ഡ്യൂട്ടി ഡോക്ടർമാർ തയാറായില്ലെന്നാണ് പരാതി.
കാത്തുനിന്നു മടുത്ത പിതാവ് മകളെ മൂന്നരയോടെ അടുത്തുള്ള സ്വകാര്യ ആശുപത്രിയി ലേക്കു കൊണ്ടുപോയി.
എന്നാൽ, അവിടെ എത്തും മുൻപ് ലിഷമോൾ മരിച്ചു. ഇതു സംബന്ധിച്ച് ആരോഗ്യ മന്ത്രിക്കും മെഡിക്കൽ കോളജ് സൂപ്രണ്ടിനും പരാതി നൽകിയെങ്കിലും ഒരു നടപടി ഉണ്ടായില്ല. തുടർന്നാണ് ജുഡീഷൽ അന്വേഷണവും അഞ്ചു വയസുള്ള മകന്റെ പഠനച്ചെലവ് സർക്കാർ ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ട് ഡോ. ഗിന്നസ് മാടസ്വാമി മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും നിവേദനം നൽകിയത്.
പിതാവ് രാമറും മുഖ്യമന്ത്രി ക്കു നിവേദനം നൽകി.റിപ്പോർട്ടിന്റെ പകർപ്പ് പീരുമേട് പോലീസിനും നൽകും .