മുന്‍ പഞ്ചായത്ത് അംഗം ഭൂമി തട്ടിയെടുത്തതായി പരാതി
1300860
Wednesday, June 7, 2023 10:57 PM IST
മൂന്നാര്‍: പട്ടികജാതി വിഭാഗക്കാര്‍ക്ക് മൂന്നാര്‍ പഞ്ചായത്തില്‍നിന്ന് അനുവദിച്ച ഭൂമി തട്ടിയെടുത്തതായി ആരോപിച്ച് മൂന്നാര്‍ പഞ്ചായത്ത് ഓഫീസിനു മുമ്പില്‍ ദമ്പതികളുടെ സമരം.
സെവന്‍മല അപ്പര്‍ ഡിവിഷന് സ്വദേശികളായ ഭിന്നശേഷിക്കാരനായ എബനേസര്‍, ഭാര്യ ഈശ്വരി എന്നിവരാണ് സമരം ആരംഭിച്ചത്. ഇതു സംബന്ധിച്ച് മൂന്നാര്‍ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതിയും നല്‍കിയിട്ടുണ്ട്.
പലപ്പോഴായി പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകാത്ത സാഹചര്യത്തില്‍ തീരുമാനം ഉണ്ടാകുന്നതുവരെ സമരം തുടരുമെന്നു ദമ്പതികള്‍ വ്യക്തമാക്കി. മൂന്നാര്‍ പഞ്ചായത്തിനു കീഴില്‍ എംജി കോളനിയില്‍ പ്ലോട്ട് നമ്പര്‍ 183 ആയി അനുവദിച്ച 2.5 സെന്റ് ഭൂമിയാണ് മുന്‍ ജില്ലാ പഞ്ചായത്ത് അംഗം എസ്. വിജയകുമാര്‍ കൈവശപ്പെടുത്തിയതായി ആരോപിച്ചാണ് ദമ്പതികളുടെ സമരം.
പട്ടികജാതിക്കാര്‍ക്ക് അനുവദിച്ച ഭൂമി കൈവശപ്പെടുത്തിയതായി മുമ്പും പഞ്ചായത്തില്‍ പരാതി ഉയര്‍ന്നിരുന്നു. ഇത്തരത്തില്‍ ഭൂമി കൈവശപ്പെടുത്തിയ നാലുപേരില്നിന്നു കോടതി ഉത്തരവ് പ്രകാരം ഭൂമി പിടിച്ചെടുത്ത് യഥാര്‍ഥ ഉടമകള്‍ക്ക് നല്‍കിയിരുന്നു.