പെട്ടിഓട്ടോറിക്ഷകള്ക്ക് വന്‍ തുക പിഴ ഈടാക്കുന്നതിനെതിരേ വ്യാപാരികളും
1300853
Wednesday, June 7, 2023 10:53 PM IST
നെടുങ്കണ്ടം: നെടുങ്കണ്ടത്തെ വ്യാപാര സ്ഥാപനങ്ങളില്‍നിന്നു സാധനങ്ങളുമായി പോകുന്ന പെട്ടി ഓട്ടോറിക്ഷകൾക്ക് വൻ തുക പിഴ ഇൗടാക്കുന്ന മോട്ടോർ വാഹന വകുപ്പിന്റെ നടപടിക്കെതിരേ വ്യാപാരികളും രംഗത്തെത്തി. കഴിഞ്ഞ ദിവസം ഇരുമ്പ് പൈപ്പുകളുമായി പോയ പെട്ടി ഓട്ടോറിക്ഷയ്ക്ക് 20,000 രൂപ പിഴ ചുമത്തിയിരുന്നു.
ഇരുമ്പ് പൈപ്പുകള്‍ വാഹനത്തിന് മുകളിലേക്ക് ഉയര്‍ന്നുനിന്നു എന്ന കാരണത്താലാണ് വന്‍ തുക പിഴ ഈടാക്കാനുള്ള നോട്ടീസ് നല്‍കിയത്. അധികൃതരുടെ ഇത്തരം നടപടികള്‍ വ്യാപാരികളോടും പെട്ടിഓട്ടോറിക്ഷാ തൊഴിലാളികളോടുമുള്ള വെല്ലുവിളിയാണെന്ന് മര്‍ച്ചന്റ്സ് അസോസിയേഷന് ജനറല്‍ സെക്രട്ടറി ജയിംസ് മാത്യു, ബ്ലോക്ക് പ്രസിഡന്റ് സജീവ് ആര്. നായര്‍, യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് പി.എസ്. സലിം എന്നിവര്‍ പറഞ്ഞു.
ഹൈറേഞ്ചിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കൊണ്ട് പല മേഖലകളിലും വലിയ വാഹനങ്ങളില്‍ നിര്‍മാണ വസ്തുക്കള്‍ എത്തിക്കാന്‍ സാധിക്കില്ല. മോട്ടോർ വാഹന വകുപ്പിന്റെ നടപടി ഭവനനിര്‍മാണം ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കും.
മോട്ടോര്‍ വാഹന വകുപ്പിന്റെ പിഴചുമത്തല്‍ നീക്കത്തിനെതിരേ അസോസിയേഷന് ആര്‍ടിഒക്കും ജോയിന്റ് ആര്‍ടിഒക്കും പരാതി നല്കി.
പ്രശ്നത്തില്‍ ഉടന്‍ പരിഹാരം ഉണ്ടായില്ലെങ്കില്‍ ഉദ്യോഗസ്ഥരെ തടയുന്നത് ഉള്‍പ്പടെയുള്ള സമര പരിപാടികള്‍ നെടുങ്കണ്ടം മര്‍ച്ചന്റ്സ് അസോസിയേഷന് ആരംഭിക്കുമെന്നും ഭാരവാഹികള്‍ മുന്നറിയിപ്പു നൽകി.