അമൽജ്യോതി സംഘർഷം ആസൂത്രിതം: ഇടുക്കി രൂപത
1300849
Wednesday, June 7, 2023 10:53 PM IST
കരിമ്പൻ: കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനിയറിംഗ് കോളജിൽ അരങ്ങേറിയ സംഘർഷാവസ്ഥ ആസൂത്രിതവും അപലപനീയവുമാണെന്ന് ഇടുക്കി രൂപത. ഹോസ്റ്റലിൽ മരിച്ച വിദ്യാർഥിനി ശ്രദ്ധ സതീഷിന്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ ഇടുക്കി രൂപത പങ്കുചേരുന്നു.
സത്യം എന്തായാലും പൊതുവികാരത്തിന്റെ കൂടെ നിൽക്കുക എന്നതാണ് പലരുടെയും നിലപാട്. കേരളത്തിൽ ഉന്നത നിലവാരത്തിൽ പ്രവർത്തിക്കുന്ന എൻജിനിയറിംഗ് കോളജായ കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളജ് കൃത്യമായ അച്ചടക്കവും മാർഗനിർദേശവും നൽകി തന്നെയാണ് പ്രവർത്തിക്കുന്നത്. കുറച്ചു കുട്ടികളെ ഉപയോഗിച്ചു രാഷ്ട്രീയ ലക്ഷ്യത്തോടെ ചില പാർട്ടികൾ വർഗീയത കളിച്ചു കോളജിനെ അപമാനിക്കാൻ ശ്രമിക്കുന്നതു ദൗർഭാഗ്യകരമാണ്.
ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു സർക്കാരിന്റെ സംരക്ഷണവും ശ്രദ്ധയും ഏറ്റവും അടിയന്തരമായി ഉണ്ടാകണം. കോളജിന്റെ സംരക്ഷണവും വിദ്യാർഥികളുടെ പഠനാന്തരീക്ഷവും അടിയന്തരമായി ഉറപ്പുവരുത്തണമെന്നും ഇടുക്കി രൂപത പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു.