കരാർ ജീവനക്കാർ സമരത്തിൽ; ശിശുസംരക്ഷണം നിലച്ചു
1300848
Wednesday, June 7, 2023 10:53 PM IST
തൊടുപുഴ: വനിതാ ശിശു വികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സംസ്ഥാന ചൈൽഡ് പ്രൊട്ടക്ഷൻ സൊസൈറ്റിയിലെ കരാർ ജീവനക്കാർ സംസ്ഥാനതലത്തിൽ ആരംഭിച്ച അനിശ്ചിതകാല പണിമുടക്കിനെത്തുടർന്നു ശിശുസംരക്ഷണ പ്രവർത്തനം അവതാളത്തിലായി. ഏഴു ദിവസമായി കരാർ ജീവനക്കാരുടെ സമരം തുടരുകയാണ്. ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ്, ജുവനൈൽ ജസ്റ്റീസ് ബോർഡ്, ചൈൽഡ് വെൽഫെയർ കമ്മിറ്റി, ചിൽഡ്രൻസ് ഹോം എന്നിവിടങ്ങളിലെ കരാർ ജീവനക്കാർ ഈ മാസം ഒന്നു മുതലാണ് അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചത്.
സ്തംഭിച്ചു
സമരം തുടരുന്ന സാഹചര്യത്തിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി, ജുവനൈൽ ജസ്റ്റീസ് ബോർഡ് മുതലായവ പരിഗണിക്കുന്ന കേസുകളിൽ ഉൾപ്പെട്ട കുട്ടികളുടെ പുനരധിവാസം, കൗണ്സലിംഗ്, ദത്തെടുക്കൽ, ശിശുസംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസവും പ്രവേശനവും, അരക്ഷിതാവസ്ഥയിലുള്ള കുട്ടികളെ രക്ഷപ്പെടുത്തൽ തുടങ്ങിയവ തടസപ്പെട്ടു.
പ്രത്യേക ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കുട്ടികൾ, ലൈംഗിക അതിക്രമങ്ങൾ അതിജീവിച്ച കുട്ടികളുടെ സംരക്ഷണവും പുനരധിവാസവും, ദത്തെടുക്കൽ, പോറ്റിവളർത്തലുമായി ബന്ധപ്പെട്ട നടപടികൾ, ബാലനീതി ബോർഡ്, ചൈൽഡ് വെൽഫെയർ കമ്മിറ്റി എന്നിവയുടെ പ്രവർത്തനങ്ങൾ, ബാലാവകാശ പ്രവർത്തനങ്ങൾ എന്നിവ ഫലപ്രദമായി നടപ്പാക്കുന്നത് ചൈൽഡ് പ്രൊട്ടക്ഷൻ സൊസൈറ്റി ജീവനക്കാർ വഴിയാണ്.
260 ജീവനക്കാർ
സംസ്ഥാനത്താകെ 260 ജീവനക്കാരാണുള്ളത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഫണ്ട് ഉപയോഗിച്ചാണ് സൊസൈറ്റി പ്രവർത്തിക്കുന്നത്. കൂടുതൽ ജീവനക്കാരും കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരാണ്. ജീവനക്കാർക്കു ലഭിച്ചുകൊണ്ടിരുന്ന വേതനം 2022 സെപ്റ്റംബർ മുതലാണ് വെട്ടിക്കുറച്ചത്.
ചില തസ്തികകളിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ ശന്പളത്തിൽനിന്നു പതിനായിരം രൂപയോളം കുറഞ്ഞു. കൂടാതെ കരാർ സമയബന്ധിതമായി പുതുക്കി നൽകാത്തതിലൂടെ അർഹമായ ശന്പളം കിട്ടാതെ മാസങ്ങളോളം ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്യാൻ നിർബന്ധിതരായി.
അനിശ്ചിതകാല പണിമുടക്ക്
കരാർ യഥാസമയം പുതുക്കാത്തതിനാൽ പ്രസവാവധി ഉൾപ്പെടെയുള്ള അർഹമായ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെട്ടതോടെ വനിതാ ജീവനക്കാർ ജോലി ഉപേക്ഷിക്കേണ്ട സാഹചര്യവും നിലവിലുണ്ട്.
കൂടാതെ അർഹമായ യാത്രാബത്ത ലഭിക്കാതായതോടെ തുച്ഛമായ വരുമാനത്തിൽനിന്നു പണം ചെലവഴിച്ചാണ് ജീവനക്കാർ ഫീൽഡ് പ്രവർത്തനം ചെയ്യുന്നത്. കേരള ഐസിപിഎസ് എംപ്ലോയീസ് യൂണിയന്റെ ആഭിമുഖ്യത്തിലാണ് ജീവനക്കാർ പണിമുടക്കുന്നത്.
മന്ത്രി അടക്കമുള്ളവർക്കു നിവേദനം നൽകുകയും സെക്രട്ടേറിയേറ്റ് മാർച്ചും സൂചന പണിമുടക്കും നടത്തിയിട്ടും അനുകൂല തീരുമാനം ഉണ്ടാകാത്തതിനെത്തുടർന്നാണ് ജീവനക്കാർ അനിശ്ചിതകാല പണിമുടക്കിലേക്കു കടന്നത്. ജില്ലയിൽ പൈനാവിലെ വനിതാ ശിശു വികസന സമുച്ചയത്തിനു മുന്നിലാണ് സമരം.