കുമളിയുടെ ശബ്ദം നിലച്ചു
1300622
Tuesday, June 6, 2023 11:38 PM IST
കുമളി: രാഷ്ട്രീയ, സാമൂഹ്യ മണ്ഡലങ്ങളിൽ കുമളിയുടെ നിറസാന്ന്യധ്യമായിരുന്ന, കോണ്‍ഗ്രസ് നേതാക്കൾക്കിടയിൽ കുമളി ജോസഫ് എന്നറിയപ്പെട്ടിരുന്ന പി.എ. ജോസഫ് (74) ഓർമയായി. കെഎസ്യുവിലൂടെ രാഷ്ട്രീയ രംഗത്ത് എത്തിയ ജോസഫ് ഇടുക്കി ജില്ലയിൽ കോണ്‍ഗ്രസിന്റെ അനിഷേധ്യ നേതാവായി വളർന്ന് ലീഡർ കെ. കരുണാകരന്റെ ജില്ലയിലെ പ്രധാന അനുയായികളിൽ ഒരാളായിരുന്നു.
തൊഴിലാളി യൂണിയൻ രംഗത്ത് സജീവമായിരുന്ന അദ്ദേഹം രാഷ്ട്രീയ - സാമൂഹ്യ രംഗങ്ങളിലും കുമളിയുടെ നാമമായിരുന്നു. ഒറ്റപ്പാലം എൻഎസ്എസ് കോളിൽ പോസ്റ്റ്ഗ്രാജുവേഷൻ വിദ്യാർഥിയായിരിക്കെ കോളജ് യൂണിയൻ ചെയർമാനായി കോളജിൽ ആദ്യമായി കെഎസ്യുവിന്റെ സാന്നിധ്യം അറിയിച്ചാണ് രാഷ്്ട്രീയത്തിലെ തുടക്കം.
വിദ്യാഭ്യാസത്തിനു ശേഷം കുമളിയിൽ മടങ്ങിയെത്തിയ കുമളി ജോസഫ് ഐഎൻടിയുസിയിൽ സജീവമായി. കോണ്‍ഗ്രസ് രാഷ്ട്രീയത്തിൽ ജില്ലയിലെ ആദ്യ പേരുകാരിൽ ഒരാളായി വളർന്ന ഇദ്ദേഹം കുമളിയിലാരംഭിച്ച പ്രിയ കോളജ് ഹൈറേഞ്ചിന്റെ പ്രധാന സമാന്തര വിദ്യാഭ്യാസ സ്ഥാപനമായിരുന്നു.
കുമളിയുടെ ഉത്സവമായിരുന്ന വന്യജീവി വാരാഘോഷത്തിന്റെ അമരക്കാരനായിരുന്നു. ഡിസിസി പ്രസിഡന്റ് , പീരുമേട് അസംബ്ലി മണ്ഡലം നിയമസഭാ സ്ഥാനാർഥിത്വം തുടങ്ങിയവ പലതവണ വഴുതിപ്പോയ രാഷ്ട്രീയ നേതാവുമാണ്. എന്നും തന്റെ നിലപാടുകൾ ശരിയാണെന്ന് ശഠിച്ചിരുന്ന ഇദ്ദേഹം വിട്ടുവീഴ്ചയില്ലാത്ത നേതാവുമായിരുന്നു.
കെ. കരുണാകരന്റെ ഉത്തമ അനുയായി ആയി വളർന്ന് ലീഡറുമായി വളരെ അടുപ്പം സൂക്ഷിച്ചിരുന്ന ഇദ്ദേഹത്തിന് തെക്കേ ഇന്ത്യയിൽ വലിയ സുഹൃദ്ബന്ധങ്ങളും തൊഴിലാളി സംഘടനാ രംഗത്ത് വലിയ സ്വാധീനവുമുണ്ടായിരുന്നു.