വയോദന്പതികളുടെ കുടിൽ സാമൂഹ്യവിരുദ്ധർ നശിപ്പിച്ചു
1300359
Monday, June 5, 2023 10:55 PM IST
രാജകുമാരി: എസ്റ്റേറ്റ് പൂപ്പാറയിൽ വയോദന്പതികളുടെ കുടിൽ ഒരു സംഘം ആളുകൾ ഇടിച്ചുനിരത്തിയതായി പരാതി. ചേരാടിയിൽ ബാബുവും ഭാര്യ സരോജവും താമസിച്ചിരുന്ന കുടിലാണ് സമീപത്തെ സ്ഥലം ഉടമയുടെ നേതൃത്വത്തിൽ പൊളിച്ചതായി പരാതിയുള്ളത്.
14 വർഷം മുന്പ് വണ്ടിപ്പെരിയാറിൽനിന്ന് ഇവിടെയെത്തി കൂലിപ്പണിയെടുത്ത് ഉപജീവനം നടത്തുന്നവരാണ് ബാബുവും ഭാര്യയും.
എട്ടു വർഷം മുന്പ് എസ്റ്റേറ്റ് പൂപ്പാറയിൽ മൂന്നു സെന്റ് കോളനിക്കു സമീപം പുറന്പോക്ക് ഭൂമിയിൽ കുടിൽ കെട്ടി താമസിക്കുകയായിരുന്നു. കുടിലിന്റെ ഒരു ഭാഗം സമീപത്തെ പട്ടയഭൂമിയിലാണെന്ന് ആരോപിച്ചാണു കുടിൽ പൊളിച്ചതെന്നാണ് ബാബു പറയുന്നത്.
ഞായറാഴ്ച പകൽ ബാബുവും ഭാര്യയും കൂലിപ്പണിക്കു പോയ സമയത്താണ് കുടിൽ പൊളിച്ചത്. കുടിൽ പൊളിച്ചതോടെ ഇവർക്ക് അന്തിയുറങ്ങാൻ സ്ഥലമില്ലാത്ത അവസ്ഥയായി. ബാബുവിന്റെ പരാതിയിൽ കേസെടുത്തതായും അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്നും ശാന്തൻപാറ സിഐ പറഞ്ഞു.