ആശങ്കയുണർത്തി മാട്ടുപ്പെട്ടിയിലെ ബോട്ടുയാത്ര
1300353
Monday, June 5, 2023 10:55 PM IST
മൂന്നാർ: മാട്ടുപ്പെട്ടി ജലാശയത്തിലെ ഉല്ലാസബോട്ടുകളുടെ സുരക്ഷയേക്കുറിച്ച് ആശങ്ക. ഉല്ലാസയാത്ര നടത്തുന്ന ഒരു ബോട്ടിലെ പലകകൾ ഇളകി ബോട്ടിനുള്ളിലേക്ക് വെള്ളം കയറിയതോടെയാണ് ബോട്ടുയാത്രയുടെ സുരക്ഷയേക്കുറിച്ച് ആശങ്ക ഉയർന്നിരിക്കുന്നത്.
ജലാശയത്തിൽ ഉല്ലാസയാത്ര നടത്തുന്ന സ്വകാര്യവ്യക്തിയുടെ റിവർ സെയിൽ എന്ന ബോട്ടിലെ പലകയാണ് കഴിഞ്ഞ ദിവസം ഇളകിയത്. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചിട്ട് അധികമാകാത്ത ബോട്ടാണിത്. ബോട്ടുകളുടെ കാലപ്പഴക്കമാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.
മുമ്പ് സർവീസ് നടത്തിയിരുന്നവരുടെ കരാർ ഒഴിവാക്കി കഴിഞ്ഞ വർഷം മറ്റൊരു വ്യക്തിക്ക് കരാർ നൽകിയിരുന്നു. ഇവർ തമ്മിലുള്ള തർക്കം സംഭവത്തിനു പിന്നിലുണ്ടോ എന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്. കരാർ ലഭിച്ചവരുടെ വാണിജ്യ താത്പര്യങ്ങൾ സംരക്ഷിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ നടത്തുന്ന അണിയറ നീക്കങ്ങൾ ചർച്ചയായിരുന്നു. ഹൈഡൽ ടൂറിസം വകുപ്പ് , ജില്ലാ ടൂറിസംവകുപ്പ് എന്നിവയുടെ നേതൃത്വത്തിലാണ് ബോട്ടിംഗ് നടക്കുന്നത് .