കല്യാണക്കുറി വിനയായി; മാലിന്യം തള്ളിയയാൾക്ക് പിഴ
1299511
Friday, June 2, 2023 11:17 PM IST
വണ്ണപ്പുറം: ചേലച്ചുവട്-വണ്ണപ്പുറം റോഡരികിൽ മുണ്ടൻമുടി ഭാഗത്ത് മാലിന്യം തള്ളിയ എറണാകുളം സ്വദേശിയെ വിളിച്ചുവരുത്തി 10,000 രൂപ പിഴയടപ്പിച്ചു. മാലിന്യവും ഇയാളെക്കൊണ്ട് ഇവിടെനിന്ന് നീക്കം ചെയ്യിച്ചു. ബുധനാഴ്ചയാണ് എറണാകുളം സ്വദേശി പ്രദേശത്ത് മാലിന്യം ഉപേക്ഷിച്ചത്.
വിവരം അറിഞ്ഞ ഹരിതകർമ സേനാംഗങ്ങൾ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി മല്ലികയുടെ നേതൃത്വത്തിൽ ഇവിടെ എത്തി മാലിന്യം പരിശോധിക്കുന്നതിനിടെ ലഭിച്ച വെഡിംഗ് കാർഡിൽനിന്നു ലഭിച്ച ഫോണ് നന്പറിലൂടെ മാലിന്യം തള്ളിയയാളെ കണ്ടെത്തുകയായിരുന്നു.
തുടർന്ന് ഇയാളെ വിളിച്ചുവരുത്തി പഞ്ചായത്ത് സെക്രട്ടറി എം.എ. സുബൈർ പിഴയടപ്പിക്കുകയും മാലിന്യം നീക്കുകയും ചെയ്തു.