രാജമുടി ബഡ്സ് സ്കൂൾ സമർപ്പിച്ചു
1299477
Friday, June 2, 2023 10:55 PM IST
ഇടുക്കി: വാത്തിക്കുടി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ രാജമുടിയിൽ ആരംഭിച്ച ബഡ്സ് സ്കൂൾ ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ബഡ്സ് സ്കൂളിലെ കുട്ടികളുടെ യാത്രാസൗകര്യത്തിനായി വാഹനം അനുവദിച്ചതായും മന്ത്രി അറിയിച്ചു.
ഭിന്നശേഷി വിഭാഗത്തിൽ ഒളിന്പിക്സിൽ പങ്കെടുക്കുന്ന ഉപ്പുതോട് സ്വദേശി ശ്രീക്കുട്ടി നാരായണന് വീട് നിർമിക്കാൻ പഞ്ചായത്ത് കൈമാറിയ അഞ്ചു സെന്റ് സ്ഥലത്തിന്റെ രേഖ കൈമാറ്റവും മന്ത്രി ചടങ്ങിൽ നിർവഹിച്ചു.
2018ൽ കേരള സർക്കാർ ബഡ്സ് സ്കൂൾ ആരംഭിക്കാൻ വാത്തിക്കുടി ഗ്രാമപഞ്ചായത്തിന് അനുമതി നൽകിയെങ്കിലും മതിയായ കെട്ടിടസൗകര്യങ്ങൾ ഒരുക്കാൻ സാധിക്കാത്തതിനാൽ പ്രവർത്തനം ആരംഭിച്ചിരുന്നില്ല. നിലവിൽ ഇടുക്കി ജില്ലാ പഞ്ചായത്തിന്റെ രാജമുടിയിലെ പ്രവർത്തനരഹിതമായിരുന്ന വ്യവസായ പരിശീലന കേന്ദ്രം വിട്ടുനൽകി 15 ലക്ഷം രൂപയോളം ചെലവഴിച്ച് നവീകരണ പ്രവർത്തനങ്ങൾ നടത്തി വൈദ്യുതി, കുടിവെള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയാണ് സ്കൂൾ പ്രവർത്തനസജ്ജമാക്കിയത്. ഓഫീസ്, സ്റ്റാഫ് റും, ക്ലാസ് റും, ഫിസിയോ തെറാപ്പി സെന്റർ, വീൽചെയർ, അടുക്കള, ശുചിമുറി തുടങ്ങി എല്ലാവിധ സൗകര്യങ്ങളും ബഡ്സ് സ്കൂളിൽ ഒരുക്കിയിട്ടുണ്ട്.
രാജമുടി പാരിഷ് ഹാളിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ലാ ആസൂത്രണസമിതി ഉപാധ്യക്ഷൻ സി.വി. വർഗീസ് മുഖ്യപ്രഭാഷണം നടത്തി.