പതിവായി വൈദ്യുതി മുടക്കം; മാങ്കുളത്ത് ജനകീയസമരം
1299469
Friday, June 2, 2023 10:54 PM IST
അടിമാലി: കല്ലാർ മുതൽ മാങ്കുളം വരെയുള്ള ഭാഗത്ത് പതിവായി വൈദ്യുതി മുടങ്ങുന്നതിനെതിരേ മാങ്കുളത്ത് ബഹുജന പ്രതിഷേധം സംഘടിപ്പിച്ചു. മാങ്കുളത്തെ കെഎസ്ഇബി ഓഫീസിനു മുന്‍പിലേക്ക് ജനകീയ പ്രതിഷേധ മാർച്ച് നടത്തി. താളുങ്കണ്ടം കവലയ്ക്കു സമീപത്തു നിന്നാരംഭിച്ച പ്രതിഷേധ മാർച്ച് കെഎസ്ഇബി ഓഫീസിനു മുന്പിൽ പോലീസ് തടഞ്ഞു. സമരക്കാർ ഓഫീസിനു മുന്പിൽ റീത്ത് വച്ചും പന്തം കൊളുത്തിയും പ്രതിഷേധിച്ചു.
മാങ്കുളം ഫെറോന പള്ളി വികാരി ഫാ. മാത്യു കരോട്ടുകൊച്ചറയ്ക്കൽ പ്രതിഷേധസമരം ഉദ്ഘാടനം ചെയ്തു. ദേവികുളം ബ്ലോക്ക് പഞ്ചായത്തംഗം പ്രവീണ്‍ ജോസ്, മാങ്കുളം ഗ്രാമപഞ്ചായത്തംഗം അനിൽ ആന്റണി, ഫാ. ജോർജ് പള്ളിവാതുക്കൽ, ഫാ. ജൂബിൻ കായുംകാട്ടിൽ, വ്യാപാരി വ്യവസായി ഏകോപനസമിതി മാങ്കുളം യൂണിറ്റ് പ്രസിഡന്റ് കുട്ടിച്ചൻ തോട്ടമറ്റം, ഷാനവാസ്, പോൾ ജി. വെള്ളാങ്കൽ, മാത്യു ജോസഫ് ആറ്റുപുറത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
കഴിഞ്ഞ ഒരാഴ്ചയായി രാത്രിയും പകലും തുടർച്ചയായി വൈദ്യുതി മുടങ്ങിയ സാഹചര്യത്തിലായിരുന്നു പ്രശ്നപരിഹാരമാവശ്യപ്പെട്ട് ബഹുജനസമരം നടത്തിയത്.