ആരോഗ്യരംഗത്ത് കേരളം മാതൃക: മന്ത്രി റോഷി അഗസ്റ്റിൻ
1299466
Friday, June 2, 2023 10:54 PM IST
ഇടുക്കി: ആരോഗ്യരംഗത്ത് കേരളം മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാണെന്ന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ. വാത്തിക്കുടി സർക്കാർ ആയുർവേദ ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെയും ഒൗഷധ സസ്യ ഉദ്യാനത്തിന്റെയും ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ആരോഗ്യം, വിദ്യാഭ്യാസം, റോഡ്, ടൂറിസം തുടങ്ങി അടിസ്ഥാനസൗകര്യ വികസനത്തിനാണ് സർക്കാർ പ്രാധാന്യം നൽകുന്നതെന്നു മന്ത്രി ചൂണ്ടിക്കാട്ടി. ആശുപത്രിയിൽ ഐപി വിഭാഗത്തിനും അനുബന്ധ നിർമാണ പ്രവർത്തനങ്ങൾക്കുമായി 20 ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി അറിയിച്ചു. വാത്തിക്കുടി ഗ്രാമപഞ്ചായത്തിലെ ജലബജറ്റിന്റെ പ്രകാശനവും മന്ത്രി നിർവഹിച്ചു.
ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്ററിന്റെയും യോഗ പരിശീലന പദ്ധതിയുടെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ഷൈനി സജി നിർവഹിച്ചു. ഫാർമസിയുടെ ഉദ്ഘാടനം ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി.വി. വർഗീസ് നിർവഹിച്ചു.
വാത്തിക്കുടി നിവാസികൾ രൂപീകരിച്ച ജനകീയ കമ്മിറ്റിയുടെ ശ്രമഫലമായി വാങ്ങിയ 50 സെന്റ് സ്ഥലത്ത് വാത്തിക്കുടി ഗ്രാമപഞ്ചായത്ത് 80 ലക്ഷം രൂപ മുടക്കി ആധുനിക രീതിയിലാണ് ആശുപത്രി കെട്ടിടം നിർമിച്ചത്.
വാത്തിക്കുടി ആയുർവേദ ആശുപത്രി അങ്കണത്തിൽ നടന്ന പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രൻ അധ്യക്ഷത വഹിച്ചു. വാത്തിക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു ജോസ് സ്വാഗതവും ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ സുനിത സജീവ് നന്ദിയും പറഞ്ഞു. മെഡിക്കൽ ഓഫീസർ ഡോ. കെ.ബി. കൃഷ്ണപ്രിയ റിപ്പോർട്ട് അവതരിപ്പിച്ചു.
ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിബിച്ചൻ തോമസ്, വാത്തിക്കുടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡിക്ലർക്ക് സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായത്തംഗം ഷൈനി സജി, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തംഗങ്ങളായ ജ്യോത്സന ജിന്റോ, വിജി ജോർജ്, ജോസ്മി ജോർജ്, സുരേഷ് സുകുമാരൻ, അനിൽ ബാലകൃഷ്ണൻ, സനില വിജയൻ, സ്പോർട്സ് കൗണ്സിൽ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യൻ, ഡിഎംഒ കെ.വി. രമ, ഡിപിഎം എം.എസ്. നൗഷാദ് എന്നിവർ പ്രസംഗിച്ചു.