വിദ്യാഭ്യാസരംഗത്തെ കേരള മോഡൽ ലോകത്തിനു മാതൃക: മന്ത്രി റോഷി
1299289
Thursday, June 1, 2023 10:56 PM IST
ഇടുക്കി: വിദ്യാഭ്യാസരംഗത്തെ കേരള മോഡൽ ലോകത്തിനു തന്നെ മാതൃകയാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. സ്കൂൾ പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം പണിക്കൻകുടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
പണിക്കൻകുടി ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ പഴയ കെട്ടിടം പൊളിച്ചുമാറ്റി പുതിയ ഹൈടെക് കെട്ടിടം ഈ വർഷം തന്നെ നിർമിക്കുമെന്നു മന്ത്രി വ്യക്തമാക്കി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മൂന്നു കോടി രൂപ പുതിയ സ്കൂൾ കെട്ടിടത്തിന് നേരത്തെ അനുവദിച്ചിരുന്നു. ഇതിനു പുറമെ ലാബ് സൗകര്യങ്ങൾ ഒരുക്കുന്നതിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി 20 ലക്ഷം കൂടി അനുവദിച്ചതായും മന്ത്രി പറഞ്ഞു.
ഡീൻ കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണം നടത്തി. സ്കൂളിന്റെ അടിസ്ഥാനസൗകര്യ വികസനത്തിന് അഞ്ചു ലക്ഷം രൂപ അനുവദിച്ചതായി എംപി പറഞ്ഞു.
എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്ക് അനുമോദനവും ജിജോ ബേബി മെമ്മോറിയൽ എൻഡോവ്മെന്റ് വിതരണവും ചടങ്ങിൽ നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു അധ്യക്ഷത വഹിച്ചു. അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമൻ ചെല്ലപ്പൻ, കൊന്നത്തടി പഞ്ചായത്ത് പ്രസിഡന്റ് രമ്യ റനീഷ്, ജില്ലാ പഞ്ചായത്തംഗം ഷൈനി സജി, സ്വാഗതസംഘം ചെയർമാൻ എൻ.വി. ബേബി തുടങ്ങിയവർ പ്രസംഗിച്ചു.
ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സി.കെ. ജയശ്രീ സ്വാഗതവും പണിക്കൻകുടി ജിഎച്ച്എസ്എസ് പ്രിൻസിപ്പൽ പി.എം. കണ്ണൻ നന്ദിയും പറഞ്ഞു.