ബിവറേജസ് കോര്പ്പറേഷന് ഔട്ട്ലറ്റില് വിജിലന്‍സ് പരിശോധന നടത്തി
1299268
Thursday, June 1, 2023 10:44 PM IST
കട്ടപ്പന: കട്ടപ്പന ബിവറേജസ് കോര്പ്പറേഷന് ഔട്ട്ലറ്റിൽ ബുധനാഴ്ച രാത്രിയിൽ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കണക്കിൽപ്പെടാത്ത 85,000 രൂപ കണ്ടെത്തി. ഷോപ്പിലെ ജീവനക്കാരനായ അനീഷിന്റെ സ്കൂട്ടറില്‍നിന്നുമാണ് പണം കണ്ടെത്തിയത്. ഷോപ്പിലെ ജീവനക്കാര്‍ക്കാര്‍ക്ക് നല്കാൻ റബര്‍ ബാന്‍ഡില്‍ പല കെട്ടുകളായി സൂക്ഷിച്ചിരിക്കുന്ന പണമാണ് കണ്ടെത്തിയത്.
മദ്യകമ്പനികള്‍ തങ്ങളുടെ ബ്രാന്‍ഡുകളുടെ കച്ചവടം കൂട്ടുന്നതിനുവേണ്ടി ഷോപ്പിലെ ജീവനക്കാര്‍ക്ക് കൈക്കൂലിയായി നല്കുന്ന പണമാണ് ഇതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഷോപ്പിലെ ജീവനക്കാരനായ ജയേഷ് അനികൃതമായി ഒരു ജീവനക്കാരനെ ഈ ഷോപ്പില്‍ നിയമിച്ചിരിക്കുന്നതായും അനധികൃത മദ്യ കച്ചവടത്തിനായും പണപ്പിരിവിനായും ഇയാളെ ഉപയോഗിച്ച് വരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
കോട്ടയം വിജിലന്‍സ് എസ്പി വി.ജി. വിനോദ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് ബുധനാഴ്ച രാത്രി ഒന്‍പതോടെയാണ് വിജിലന്‍സ് സംഘം പരിശോധനയ്ക്ക് എത്തിയത്. ഇടുക്കി വിജിലന്‍സ് യൂണിറ്റ് ഡിവൈഎസ്പി ഷാജു ജോസ്, ഇന്‍സ്പെക്ടര്‍ കിരണ്‍, എഎസ്ഐ മാരായ ബേസില്‍, ഷിബു, എസ്സിപിഒമാരായ അഭിലാഷ്, റഷീദ്, സന്ദീപ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.