ജില്ലയിലെ സർക്കാർ ആശുപത്രികളിൽ മരുന്നുവിതരണത്തിന് നടപടിയായില്ല
1299035
Wednesday, May 31, 2023 11:07 PM IST
ഉപ്പുതറ: ജില്ലയിൽ സർക്കാർ ആശുപത്രികളിലേക്കുള്ള മരുന്ന് വിതരണം പുനഃസ്ഥാപിച്ചില്ല. മരുന്നുവിതരണത്തിന് ഉപയോഗിച്ചിരുന്ന മിനിലോറി ഉൾപ്പെടെ കാലാവധി കഴിഞ്ഞ വാഹനങ്ങൾ നിരത്തിലിറക്കാൻ കഴിയാതെ വന്നതാണ് രണ്ടു മാസം മുൻപ് മരുന്നുവിതരണം മുടങ്ങാൻ കാരണം.
കേന്ദ്ര സർക്കാർ കൊണ്ടുവന്ന നിയമം പ്രാബല്യത്തിൽ വന്നതോടെ ആരോഗ്യവകുപ്പിന്റെ 26 വാഹനങ്ങളാണ് ജില്ലയിൽ നിരത്തിലിറക്കാൻ കഴിയാതെവന്നത്. മരുന്നുവിതരണം മുടങ്ങിയതോടെ പ്രതിരോധ കുത്തിവയ്പ് അടക്കമുള്ള അടിയന്തര ആവശ്യങ്ങൾക്ക് നൂറിലധികം കിലോ മീറ്ററുകൾ അകലെയുളള സ്ഥലങ്ങളിൽനിന്ന് ആരോഗ്യ വകുപ്പിന്റെ മറ്റു വാഹനങ്ങൾ എത്തിക്കേണ്ട ഗതികേടിലാണ് ജില്ലയിലെ ആരോഗ്യ വിഭാഗം.
സർക്കാർ ആശുപത്രികളിൽ മരുന്നുക്ഷാമം രൂക്ഷമായതോടെ ആയിരക്കണക്കിന് രോഗികളാണ് ദുരിതത്തിലായത്. പ്രഷർ, ഷുഗർ, കൊളസ്ട്രോൾ തുടങ്ങിയ രോഗങ്ങൾക്ക് ഉൾപ്പെടെ ആവശ്യമായ ജീവൻരക്ഷാ മരുന്നുകളൊന്നും ആശുപത്രികളിലില്ല. കേരള മെഡിക്കൽ സർവീസസ് കോർപറേഷനിൽനിന്ന് ജില്ലാ കേന്ദ്രരങ്ങളിൽ മരുന്ന് എത്തുന്നുണ്ട്. അവിടെനിന്ന് ആശുപത്രികളിലേക്കു മരുന്ന് എത്തിക്കുന്നതിലാണ് തടസം ഉണ്ടായിരിക്കുന്നത്. ആശുപത്രികളിൽ എത്തുന്ന രോഗികൾ സ്വകാര്യ മെഡിക്കൽ സ്റ്റോറുകളെ ആശ്രയിക്കുകയാണിപ്പോൾ. ഒരു നേരത്തെ മരുന്നുപോലും പണം കൊടുത്ത് വാങ്ങാൻ ശേഷിയില്ലാത്ത പാവങ്ങളാണ് സർക്കാർ ആശുപത്രിയെ ആശ്രയിക്കുന്നത്. ആരോഗ്യ വകുപ്പിന്റെ വാഹനങ്ങൾ ഓടാതായതോടെ കിടപ്പു രോഗികളുടെ പരിചരണവും പ്രതിസന്ധിയിലാണ്.