നീതി തേടി പോലീസ് സ്റ്റേഷനു മുന്നില്‍ ഒറ്റയാള്‍ സമരം
1299034
Wednesday, May 31, 2023 11:07 PM IST
മറയൂര്‍: നീതി തേടി വയോധിക പോലീസ് സ്റ്റേഷനു മുന്നിൽ രാപകൽ സമരം നടത്തി. ഭര്‍ത്താവും മകനും മരിച്ചതിനെത്തുടര്‍ന്ന് ഒറ്റയ്ക്ക് താമസിക്കുന്ന അറുപത്തെട്ടുകാരി പോലീസ് സ്റ്റേഷനുമുന്നില്‍ നടത്തിയ ഒരു രാതിയും പകലും നീണ്ടു നിന്ന സമരം എംഎല്‍എ ഇടപ്പെട്ട് അവസാനിപ്പിച്ചു. മറയൂര്‍ ചില്ലറപ്പാറ സ്വദേശി എവറസ്റ്റ് വീട്ടില്‍ സലീലയാണ് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തിയത്.
ഇവരുടെ ഉടമസ്ഥതയിലുള്ള കൈവശ ഭൂമിയിൽ അതിക്രമിച്ചുകയറി കരിമുട്ടി സ്വദേശിയുടെ നേതൃത്വത്തിലുള്ള റിയല്‍ എസ്റ്റേറ്റ് സംഘം മണ്ണ് മാന്തിയന്ത്രം ഉപയോഗിച്ച് വേലിയും മരങ്ങളും നശിപ്പിച്ചെന്നാണു പരാതി. 26നു രാവിലെ വനിതാ സെല്ലിലെ 112 എന്ന നമ്പരിലേക്ക് പോലീസ് സഹായത്തിനായി വിളിച്ചെങ്കിലും സ്ഥലത്ത് എത്തിയ പോലീസ് കൈയേറ്റക്കാരെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. നിരവധിത്തവണ ബന്ധപ്പെട്ടെങ്കിലും മറയൂര്‍ പോലീസ് യാതൊരു സഹായവും വയോധികയ്ക്ക് നല്‍കിയില്ല.
കൈയേറിയ സ്ഥലത്ത് 30ന് ഷെഡ് നിര്‍മാണവും ആരംഭിച്ചു. റിയല്‍ എസ്റ്റേറ്റ് സംഘം വിധവയുടെ കൈവശ ഭൂമിയില്‍ നിര്‍മാണ പ്രവര്‍ത്തനം നടത്തുന്ന വിവരം മറയൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ മുരുകനെ ഫോണ്‍ മുഖേന അറിയിച്ചെങ്കിലും നടപടി സ്വീകരിച്ചില്ല. വൈകുന്നേരം വരെ പോലീസ് സഹായം ലഭിക്കാഞ്ഞതിനെ തുടര്‍ന്നാണ് രാത്രി പത്ത് മുതല്‍ ഭുമാഫിയയെ സഹായിക്കുന്നതിനെതിരെ പ്ലക്കാര്‍ഡും പിടിച്ച് വയോധിക പോലീസ് സ്റ്റേഷനു മുന്നിൽ സമരം ആരംഭിക്കുകയായിരുന്നു. വിവരമറിഞ്ഞ് എ. രാജ എംഎൽഎ എത്തി സംരക്ഷണം നല്‍കാമെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് സമരം അവസാനിപ്പിച്ചു.