യുവാവിനെ കാപ്പാ ചുമത്തി ജയിലിലടച്ചു
1281864
Tuesday, March 28, 2023 10:56 PM IST
തൊടുപുഴ: നിരവധി കേസുകളിൽ പ്രതിയായ കരിങ്കുന്നം പടുക്കാച്ചിക്കാട്ടുകുന്നേൽ നന്ദു (22) വിനെ ജില്ലാ കളക്ടറുടെ ഡീറ്റെൻഷൻ ഉത്തരവിൻപ്രകാരം കാപ്പാ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചു. മുട്ടം, തൊടുപുഴ, കരിങ്കുന്നം എന്നീ സ്റ്റേഷനുകളിൽ വധശ്രമം, അടിപിടി, കഞ്ചാവ് കേസുകളിലെ പ്രതിയാണ്. കേരള സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമപ്രകാരമാണ് ഇയാളെ കരുതൽ തടങ്കലിൽ ആക്കിയത്.
മുട്ടം എസ്എച്ച്ഒ പ്രിൻസ് ജോസഫ്, എസ്ഐ ഹാഷിം, എഎസ്ഐമാരായ സിയാദ്, സഞ്ജയ്, എസ്സിപിഒമാരായ പ്രദീപ്, ജോജി,സിപിഒ ലിജു എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഐഎൻടിയുസി മാർച്ചും ധർണയും
തൊടുപുഴ: രാഹുൽ ഗാന്ധിക്കെതിരേ കേന്ദ്രസർക്കാർ സ്വീകരിച്ച ജനാധിപത്യവിരുദ്ധ നിലപാടിലും രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിലും പ്രതിഷേധിച്ച് ഐഎൻടിയുസി ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴ ടെലഫോണ്‍ എക്സ്ചേഞ്ചിലേക്ക് മാർച്ചും ധർണയും നടത്തി. കെപിസിസി ജനറൽ സെക്രട്ടറി എസ്. അശോകൻ ഉദ്ഘാടനം ചെയ്തു. രാഹുൽ ഗാന്ധിയെ നരേന്ദ്രമോദിയും സംഘപരിവാറും ഭയപ്പെടുന്നതിന്റെ തെളിവാണ് എംപിസ്ഥാനത്തുനിന്നു ഒഴിവാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.
ഐഎൻടിയുസി ജില്ലാ വൈസ് പ്രസിഡന്റ് രാജാ മാട്ടുക്കാരൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ ജി. മുനിയാണ്ടി, പി.ആർ. അയ്യപ്പൻ എ.പി. ഉസ്മാൻ പി.കെ. രാജൻ, രാജു ബേബി, ശശികല രാജു, റിജണൽ പ്രസിഡന്റുമാരായ എം.കെ. ഷാഹൂൽ ഹമീദ്, സന്തോഷ് അന്പിളിവിലാസം, കെ.എ. സിദ്ദിഖ് റോയി ചാത്തനാട് എന്നിവർ പ്രസംഗിച്ചു.