മാലിന്യസംസ്കരണം: എൻഫോഴ്സ്മെന്റ് സ്ക്വാഡ് സജീവം
1281595
Monday, March 27, 2023 11:40 PM IST
തൊടുപുഴ: മാലിന്യ നിർമാർജന പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും നിയമലംഘനങ്ങൾക്ക് പിഴ ചുമത്തി നടപടികൾ സ്വീകരിക്കുന്നതിനും ജില്ലയിൽ എൻഫോഴ്സ്മെന്റ് സ്ക്വാഡ് പ്രവർത്തനം ആരംഭിച്ചു. സ്ക്വാഡിനുവേണ്ടി സജ്ജമാക്കിയ പ്രത്യേക വാഹനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു ഫ്ളാഗ് ഓഫ് ചെയ്തു.
മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ കണ്ടെത്തുക, നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ സംഭരണം, വില്പന എന്നിവ തടയുകയാണ് ലക്ഷ്യം. അനധികൃതമായി മാലിന്യം കടത്തുന്ന വാഹനങ്ങൾ പോലീസിന്റെ സഹായത്തോടെ കസ്റ്റഡിയിൽ എടുക്കാനും സ്ക്വാഡിന് അധികാരമുണ്ട്.
ചെറുതോണി ടൗണിലുള്ള കടകളിലും സ്ഥാപനങ്ങളിലും സ്ക്വാഡ് പരിശോധന നടത്തി. പെരിയാറിന്റെ തീരത്തെ കടകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും മാലിന്യങ്ങൾ തള്ളുന്നത് കണ്ടെത്തിയിട്ടുണ്ട്. ഈ സ്ഥാപനങ്ങൾക്കെതിരേ നടപടി സ്വീകരിക്കാൻ വാഴത്തോപ്പ് പഞ്ചായത്ത് സെക്രട്ടറിക്കും മാലിന്യം നീക്കംചെയ്യാൻ കടയുടമകൾക്കും നിർദേശം നൽകി. വരുംദിവസങ്ങളിൽ പരിശോധന കൂടുതൽ ശക്തമാക്കും. നിയമലംഘനം നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് കത്ത് വഴിയോ, ഇ-മെയിൽ വഴിയോ ശുചിത്വ മിഷനിലേക്ക് പരാതികൾ അറിയിക്കാം. വിലാസം ജില്ലാ കോ-ഓർഡിനേറ്റർ, ജില്ലാ ശുചിത്വ മിഷൻ, ജില്ലാ പഞ്ചായത്ത് ബിൽഡിംഗ്, പൈനാവ് പി.ഒ, കുയിലിമല. ഫോണ്: 04862 232295, [email protected].